ചെറുതോണി : ഇടുക്കി നിയോജക മണ്ഡലത്തിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടം ഗവ. ഹൈസ്‌കൂൾ, കട്ടപ്പന ഗവ. ട്രൈബൽ ഹൈസ്‌കൂൾ എന്നീ സ്‌കൂളുകൾക്ക് കെട്ടിടനിർമ്മാണത്തിനായി 1 കോടി രൂപാ വീതം അനുവദിച്ചതായി റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ പശ്ചാത്തല സൗകര്യവികസനത്തിന് തെരഞ്ഞെടുക്കപ്പെട്ട 500 മുതൽ 1000 കുട്ടികൾ വരെ പഠിക്കുന്ന സ്‌കൂളുകളുടെ പട്ടികയിലുൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.
കട്ടപ്പന ഗവ. ട്രൈബൽ സ്‌കൂളിൽ ചുരുങ്ങിയ വർഷങ്ങൾകൊണ്ട് അടിസ്ഥാന
സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ഘട്ടംഘട്ടമായുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.
പ്ലസ് ടു വരെയുള്ള പഠനസൗകര്യം ഒരുക്കാനായതിലൂടെ മലയോര മേഖലയിലെ മികച്ച സ്‌കൂളുകളിലൊന്നായി മാറുവാൻ കഴിഞ്ഞിട്ടുണ്ട്. പഴയരിക്കണ്ടം സ്‌കൂളിൽ കാലപ്പഴക്കം മൂലം ഒരു കെട്ടിടം ഉപയോഗശൂന്യമായി മാറിയിരുന്നു. സ്‌കൂളിലേക്ക് കൂടുതൽ കുട്ടികൾ പ്രവേശനമെടുത്തതോടെ ആവശ്യമായ സ്ഥലസൗകര്യമൊരുക്കുവാൻ സ്‌കൂൾ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. എം.എൽ.എ ഫണ്ടിൽ നിന്നും കഴിഞ്ഞവർഷം ഈ സ്‌കൂളുകൾക്ക് ഓരോ അഡീഷണൽ ബ്ലോക്കും സ്‌കൂൾ ബസും അനുവദിച്ചിരുന്നു. സ്മാർട്ട് ക്ലാസ് റൂമുകളും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി ഗവ. സ്‌കൂളുകൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.