joice-george

തൊടുപുഴ:കൊട്ടക്കാമ്പൂർ ഭൂമിയിടപാടിൽ മുൻ എം.പി ജോയ്സ് ജോർജിനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് തൊടുപുഴ സെഷൻസ് കോടതി തള്ളി. കേസിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.

ജോയ്സ് ജോർജിന് അനുകൂലമായി മുൻ മൂന്നാർ ഡിവൈ.എസ്.പി ഒരു വർഷം മുമ്പ് സമർപ്പിച്ച റിപ്പോർട്ടാണ് തള്ളിയത്. കേസ് അന്വേഷിക്കാൻ മതിയായ രേഖകളില്ലെന്നും പണം നൽകിയാണ് ജോയ്സിന്റെ പിതാവ് ഭൂമി വാങ്ങിയതെന്നുമായിരുന്നു റിപ്പോർട്ട്. ജോയ്സ് ജോർജിനും കുടുംബത്തിനുമെതിരെ തെളിവില്ലെന്നും തുടർനടപടികൾ അവസാനിപ്പിച്ചുവെന്നും സർക്കാർ ഭൂമിക്ക് പട്ടയം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിലുള്ള കൊട്ടക്കാമ്പൂരിൽ തനിക്കും കുടുംബത്തിനും ഭൂമിയുണ്ടെന്ന് 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ജോയ്സ് അറിയിച്ചിരുന്നു. വ്യാജരേഖ വഴിയാണ് ഇവിടെ ഭൂമി കൈവശപ്പെടുത്തിയത് എന്നാണ് ജോയ്സിനെതിരായ പരാതി. ജോയ്സിന്റെ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്ത് ജോർജ്, തമിഴ് വംശജരായ ആറുപേരുടെ കൈവശമിരുന്ന ഭൂമി മുക്ത്യാർ വാങ്ങി ഭാര്യയുടെയും മക്കളുടെയും പേരിൽ രജിസ്റ്റർ ചെയ്യുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്‌. തുടർന്നാണ് ഭൂമി ഇടപാട് വിവാദമായത്. വ്യാജ പട്ടയത്തിലൂടെ സർക്കാർ തരിശു ഭൂമി കൈയേറിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് 2017 നവംബറിൽ ദേവികുളം സബ് കളക്ടറായിരുന്ന വി.ആർ. പ്രേംകുമാർ എം.പിയുടെയും കുടുംബത്തിന്റെയും പേരിലുള്ള 28 ഏക്കർ ഭൂമിയുടെ പട്ടയം റദ്ദാക്കിയിരുന്നു.