remandreport

തൊടുപുഴ: കസ്റ്റഡിയിൽ നാല് ദിവസം രാജ്കുമാറിന് നേരിടേണ്ടിവന്നത് പ്രാകൃതമായ മർദ്ദനമുറകളാണെന്നും ഇതിനു നേതൃത്വം നൽകിയത് എ.എസ്.ഐ സി.ബി. റെജിമോനും പൊലീസ് ഡ്രൈവർ നിയാസുമാണെന്നും ഇരുവരെയും റിമാൻഡ് ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ടാം നിലയിലെ വിശ്രമമുറിയിലായിരുന്നു മർദ്ദനം. രാജ്കുമാറിന്റെ കൈകൾ പിറകിലേക്ക് വച്ച് കട്ടിലിൽ കെട്ടിയ ശേഷം രണ്ട് പൊലീസുകാരും ചേർന്ന് മർദ്ദിച്ചു. ചൂരൽ കൊണ്ട് കാൽവെള്ളയിൽ കനത്ത പ്രഹരമേല്പിച്ചു. ഇരുകാലുകളും ബലം പ്രയോഗിച്ച് പിറകിലേക്ക് വിടർത്തി പരിക്കേല്പിച്ചു. പ്രാകൃത ശിക്ഷാരീതി നടപ്പിലാക്കി രാജ്കുമാറിന്റെ കാലുകൾ അനങ്ങാതാക്കിയെന്നും റിപ്പോർട്ടിലുണ്ട്. ക്രൂരമായ മർദ്ദനം മരണകാരണമാകുമെന്ന് അറിയാവുന്ന പ്രതികൾ ജൂൺ 12ന് വൈകിട്ട് അഞ്ച് മുതൽ 15ന് രാത്രി 12 വരെ നിയമവിരുദ്ധമായി തടങ്കലിൽ പീഡിപ്പിച്ചു.

തെളിവെടുപ്പിനിടെ രാജ്കുമാറിനെ മർദ്ദിച്ച ചൂരലും വിശ്രമമുറിയിലെ കട്ടിലും അന്വേഷണസംഘം കണ്ടെടുത്തു. നടക്കാനോ എഴുന്നേറ്റ് നിൽക്കാനോ ആവാത്തവിധം അവശനായപ്പോഴാണ് 15ന് രാത്രി ഒമ്പതരയ്ക്ക് അറസ്റ്റ് ചെയ്തതായി രേഖപ്പെടുത്തിയത്. കാൽതുടയിലും കാൽവെള്ളയിലും ആഴത്തിലുള്ള ചതവ് ന്യുമോണിയയ്ക്ക് കാരണമായെന്നും പ്രതികൾ മനഃപൂർവം കുറ്റകൃത്യം ചെയ്‌തെന്ന് ബോദ്ധ്യപ്പെട്ടെന്നും പീരുമേട് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസൺ ജോസഫ്‌ നൽകിയ എട്ടുപേജുള്ള റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഇരുവരെയും കോടതി ദേവികുളം സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

കേസിലെ ഒന്നാം പ്രതിയായ എസ്.ഐ കെ.എ. സാബുവിനെ പീരുമേട് കോടതി ഇന്ന് വൈകിട്ട് ആറ് വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. സാബുവിനെ നെടുങ്കണ്ടം സ്റ്റേഷനിലടക്കമെത്തിച്ച് തെളിവെടുത്ത ശേഷം കൂടുതൽ ചോദ്യം ചെയ്യും.

ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ ഇന്നലെ രാവിലെ കോലാഹലമേട്ടിലെ രാജ്കുമാറിന്റെ വീട് സന്ദർശിച്ചു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് നാരായണക്കുറുപ്പ് ഉടനെത്തും

കസ്റ്റഡിമരണം അന്വേഷിക്കുന്ന ജുഡിഷ്യൽ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. അടുത്ത ദിവസങ്ങളിൽ തന്നെ ജസ്റ്റിസ് നാരായണക്കുറുപ്പ് നെടുങ്കണ്ടം സ്റ്റേഷൻ, പീരുമേട് ജയിൽ, കോലാഹലമേട്ടിലെ രാജ്കുമാറിന്റെ വീട്, ചികിത്സിച്ച ആശുപത്രികൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. നാരായണക്കുറുപ്പിന്റെ സൗകര്യം കൂടി കണക്കിലെടുത്ത് എറണാകുളത്തുള്ള അദ്ദേഹത്തിന്റെ വീടാകും ഓഫീസായി പ്രവർത്തിക്കുകയെന്നാണ് വിവരം.