കട്ടപ്പന: നാട്ടിൽ നിന്ന് മാത്രമല്ല വിദൂര സ്ഥലങ്ങളിൽനിന്നും നിക്ഷേപിക്കൽ സജീവമായതോടെ മാലിക്കാർ മാലിന്യംകൊണ്ട് പൊറുതിമുട്ടി. എത്ര നീക്കം ചെയ്താലും വീണ്ടും പഴയ പടിയാകാൻ അധികം ദിവസം വേണ്ടി വരില്ല.വണ്ടൻമേടു പഞ്ചായത്തിൽ നിന്നു കരാർ നൽകി ഇടയ്ക്കു മാലിന്യം നീക്കാറുണ്ടെങ്കിലും മാലി-വണ്ടൻമേട് റോഡിന്റെ ഇരുവശത്തുമുള്ള മാലിന്യ നിക്ഷേപം പിന്നെയും തുടരുന്ന സാഹചര്യമാണ്. മേഖലയിൽ നിന്നും പുറത്തു നിന്നുമുള്ള മാലിന്യമാണ് ഇവിടെ തള്ളുന്നത്. പല വർഷങ്ങളിലും ഡെങ്കിപ്പനി ഉൾപെടെയുള്ള രോഗങ്ങൾ ആദ്യം റിപ്പോർട്ടു ചെയ്യുന്നത് ഇവിടെയാണ്. പച്ചക്കറി കടകളിൽ നിന്നു മുതൽ കേറ്ററിങ് സ്ഥാപനങ്ങളിൽ നിന്നു വരെയുള്ള മാലിന്യം ഇവിടെയാണു തള്ളുന്നത്. പ്ലാസ്റ്റിക് കൂട്, മദ്യക്കുപ്പികൾ, ആശുപത്രി മാലിന്യം, ബാർബർ ഷോപ്പുകളിൽ നിന്നുള്ള മുടി, കീടനാശിനികളുടെ കുപ്പി, വീടുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ, വിസർജ്യങ്ങൾ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇരുവശങ്ങളിലുമുള്ള മാലിന്യം റോഡിലേയ്ക്കും വ്യാപിക്കുന്ന സ്ഥിതിയുമുണ്ട്. പലപ്പോഴും ഈ ഭാഗത്തുകൂടി രണ്ടു വാഹനങ്ങൾക്ക് ഇരുവശങ്ങളിലേയ്ക്കും കഷ്ടിച്ചു മാത്രമേ കടന്നുപോകാൻ കഴിയൂ. തെരുവ് നായ്ക്കൾ മാലിന്യം റോഡിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതു പതിവാണ്. ഈച്ചയുടെയും കൊതുകിന്റെയും ശല്യം മേഖലയിൽ വൻ ഭീഷണിയാണു സൃഷ്ടിക്കുന്നത്. മഴവെള്ളത്തിനൊപ്പം മാലിന്യം ഒഴുകി ജലസ്രോതസിലേയ്ക്കാണ് എത്തുന്നത്. മേഖലയിലുള്ളവർ കുളിക്കാനും തുണി അലക്കാനുമെല്ലാം ആശ്രയിക്കുന്ന മാലി തോടാണു മലിനമാകുന്നത്.