തൊടുപുഴ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തകർന്നു കിടക്കുന്ന റോഡുകൾ സബ് ജഡ്ജും ജില്ലാ ലീഗൽ അതോറിറ്റി സെക്രട്ടറിയുമായ ദിനേശ് എം പിള്ള സന്ദർശിച്ചു.നഗരത്തിൽ റോഡുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരത്തിനായി ലീഗൽ സർവീസ് അതോറിറ്റിക്ക് പൊതു ജനങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് സബ് ജഡ്ജ് സ്ഥലം സന്ദർശിച്ചത്. മങ്ങാട്ടുകവല,മൗണ്ട് സീനായി റോഡ്,മൂപ്പിൽ കടവ് പാലത്തിനു സമീപം, മാർക്കറ്റ് റോഡിലെ വെള്ളക്കെട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.പൊതു മരാമത്ത്, വാട്ടർ അതോറിറ്റി,കെ എസ് ഇ ബി, ട്രാക്ക് അധികൃതരും സ്ഥലത്ത് എത്തിയിരുന്നു.ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് പണികൾ ആരംഭിക്കാതിരുന്നതെന്നും മഴ മാറുന്നതിനനുസരിച്ച് പണികൾ ഉടൻ ആരംഭിക്കുമെന്നും പൊതു മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരനും അറിയിച്ചു.മൂപ്പിൽ കടവ് പാലത്തിന് സമീപത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്ന് റോഡിലേക്കിറങ്ങിയുള്ള വൈദ്യുതി പോസ്റ്റ്‌ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചിലവിൽ ഇന്ന് വൈകുന്നേരത്തിന് മുൻപ് മാറ്റുമെന്ന് പ്രസിഡന്റ് പറഞ്ഞു.ബസ് കാത്തിരിപ്പ് കേന്ദ്രത്തിനോട് ചേർന്ന് മാസങ്ങളായി കിടക്കുന്ന മരത്തിന്റെകുറ്റിയും കോൺക്രീറ്റ് മാലിന്യവും നീക്കം ചെയ്യാത്തതിൽ പ്രദേശവാസികൾ പരാതിപെട്ടു.മങ്ങാട്ട് കവല ബസ് സ്റ്റാന്റിൽ റോഡിൽ മക്കിട്ട് നിരത്തിയ ഭാഗവും സബ് ജഡ്‌ജ്‌ സന്ദർശിച്ചു. ടൈൽസോ കോൺക്രീറ്റോ ചെയ്തെങ്കിലേ ശാശ്വത പരിഹാരം ആവുകയുള്ളൂ അതിനായി നടപടികൾ സ്വീകരിക്കാൻ അദ്ദേഹം പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.കാഞ്ഞിരമറ്റം മാർക്കറ്റ് റോഡിൽ സ്ഥിരമായിട്ടുണ്ടാവുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാൻ ഓടകളുടെ നവീകരണത്തിനായി നഗരസഭ, കെ എസ് എ ബി, പൊതുമരാമത്ത്, വാട്ടർ അതോറിറ്റി,ബി എസ് എൻ എൽ തുടങ്ങിയവരുടെ സംയുക്ത യോഗം ഉടൻ ചേരാനും തീരിമാനിച്ചു.ഗതാഗതത്തിന് തടസമായ രീതിയിലുള്ള കാഞ്ഞിരമറ്റം ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ആർച്ചും കാണിക്ക വഞ്ചിയും മാറ്റി സ്ഥാപിക്കാൻ ക്ഷേത്രം ഭാരവാഹികൾ സബ് ജഡ്ജിനെ സന്നദ്ധത അറിയിച്ചു.