 അക്രമികൾക്കെതിരെ സ്വകാര്യ അന്യായം ഫയൽ ചെയ്യും

 എൽ.ഡി.എഫ് വിട്ടുനിന്നു

തൊടുപുഴ: നഗരസഭാ കൗൺസിൽ യോഗത്തിലേയ്ക്ക് അതിക്രമിച്ചുകയറി കൗൺസിലർമാരെയും ജീവനക്കാരെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ ചേർന്ന കൗൺസിലിൽ പ്രമേയം പാസാക്കി. അക്രമികൾക്കെതിരെ സ്വകാര്യ അന്യായം ഫയൽ ചെയ്യാൻ കൗൺസിലിൽ തീരുമാനമായി. എൽ.ഡി.എഫ് കൗൺസിലർമാർ ചർച്ചയിൽ നിന്ന് വിട്ടു നിന്നു. നഗരസഭ ചെയർപേഴ്സൺ ജെസി ആന്റണിയാണ് പ്രമേയം കൗൺസിലിൽ അവതരിപ്പിച്ചത്. നഗരസഭയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത കാര്യമാണ് സംഭവിച്ചതെന്ന് ചെയർപേഴ്സൺ പറഞ്ഞു. സംഭവം നടന്നത് ദിവസങ്ങൾ പിന്നിട്ടിട്ടും പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. . കൗൺസിലർമാർക്ക് നീതി ലഭിച്ചില്ലെങ്കിൽ പിന്നെ ജനങ്ങൾക്കെങ്ങനെ നീതി കിട്ടും. അക്രമം നടത്തിയവർ അഴിമതിയാരോപണമാണ് ഉന്നയിച്ചത്. എന്നാൽ ആര് അഴിമതി കാണിച്ചുവെന്ന് വ്യക്തമാക്കിയിട്ടില്ല. കൗൺസിൽ യോഗം ഒരു കൂട്ടായ്മയാണെന്നാണ് വിശ്വാസം. എന്നാൽ സഹപ്രവർത്തകരെ അക്രമികൾ കൈയേറ്റം ചെയ്തപ്പോൾ പ്രതിപക്ഷം നോക്കുകുത്തികളായി നിന്നത് ശരിയായില്ലെന്നും ചെയർപേഴ്സൺ പറഞ്ഞു. തുടർന്ന് സംസാരിച്ച കൗൺസിലർ എ.എം. ഹാരിദ് നഗരസഭയിലെ സി.പി.എം കൗൺസിലർമാരുടെ മൗനാനുവാദത്തോടെയാണ് അഞ്ചോളം വരുന്ന എസ്.എഫ്.ഐ- ഡി.വൈ.എഫ്. ഐ പ്രവർത്തകർ കൗൺസിൽ ഹാളിനുള്ളിൽ കയറി അതിക്രമം കാണിച്ചതെന്ന് പറഞ്ഞു. ഇതിന് മുമ്പും ജീവനക്കാർക്ക് നേരെ പല തവണ കൈയേറ്റം ഉണ്ടായിട്ടും പൊലീസ് നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തി. കുറ്റവാളികളെ പാർട്ടി ഓഫീസിലാണ് ഒളിപ്പിച്ചിരിക്കുന്നത്. ഇവിടം പരിശോധിച്ചാൽ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിയുമെന്നും ഹാരിദ് പറഞ്ഞു. അക്രമികൾക്കെതിരെ സ്വകാര്യ അന്യായം ഫയൽ ചെയ്ത് കോടതിയിൽ നിന്നും അനുകൂലമായ വിധി നേടിയെടുക്കണമെന്ന് തുടർന്ന് സംസാരിച്ച ബി.ജെ.പി കൗൺസിലർ ബാബു പരമേശ്വരൻ ആവശ്യപ്പെട്ടു . പ്രശ്നമുണ്ടാക്കിയത് പാർട്ടി പ്രവർത്തകർ എന്ന നിലയ്ക്കല്ല കാണേണ്ടത്. കൗൺസിൽ ഹാളിൽ കയറിയവർക്കെതിരെ കർശന നടപടിയാണ് വേണ്ടത്. പൊലീസ് നടപടിയെടുത്തില്ലെങ്കിൽ മറ്റ് നിയമ വശങ്ങൾ തേടണമെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തെ എതിർക്കാൻ കഴിയാത്തതിനാലാണ് എൽ.ഡി.എഫിലെ മുഴുവൻ കൗൺസിലർമാരും പ്രമേയവതരണത്തിൽ നിന്നും വിട്ടു നിന്നതെന്ന് യു.ഡി.എഫ്. കൗൺസിലർമാർ ആരോപിച്ചു. അതേ സമയം പ്രമേയത്തെ അനുകൂലിക്കാൻ കഴിയാത്തതിനാലാണ് വിട്ടു നിന്നതെന്ന് എൽ.ഡി.എഫ് കൗൺസിലർമാരും വ്യക്തമാക്കി.