മറയൂർ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ പകച്ച്പോയ സ്‌കൂട്ടി യാത്രക്കാരിക്ക് മിനി ലോറി ഡ്രൈവറായ സുരേഷിന്റെ സമയോചിതമായ ഇടപെടൽ രക്ഷയായി. കാന്തല്ലൂർ പഞ്ചായത്തിൽ മറയൂർ കാന്തല്ലൂർ റോഡിൽ വെട്ടുകാട് ഭാഗത്ത് വച്ചാണ് പയസ് നഗർ സ്വദേശി ഷംല ബേബി കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. കാന്തല്ലൂരിൽ നിന്നും കോവിൽക്കടവിലേക്ക് സ്‌കൂട്ടിയിൽ വരികയായിരുന്നു ഷംല ബേബി.വെട്ടുകാട് ഭാഗത്ത് എത്തിയതും പാതയുടെ വശത്ത് നിന്നിരുന്ന കാട്ടുപോത്ത് ഷംലയുടെ നേരെ കുതിച്ചു. എതിർവശത്ത് നിന്നും ഇഷ്ടികയുമായി മിനിലോറിയിൽ എത്തിയ ഡ്രൈവർ സുരേഷ് ഇത് കണ്ടു.സ്‌കൂട്ടിയിൽ കാട്ടുപോത്ത് ഇടിക്കുന്നതിന് മുൻപ് തന്നെ കാട്ടുപോത്തിനും സ്‌കൂട്ടിക്കും ഇടയിലേക്ക് മിനിലോറി ഇടിച്ചു കയറ്റി. കാട്ടുപോത്ത് കൊമ്പുവച്ചു വെട്ടിയത് ലോറിയുടെ മുൻവശത്താണ് കൊണ്ടത്. ലോറിയിടിച്ച് വേദനിച്ചതിനാൽ കാട്ടുപോത്ത് തിരികെ ഓടി പോയതിനാൽ ലോറിയുടെ മറുവശത്ത് ഉണ്ടായിരുന്ന ഷംലയ്ക്ക് അപകടം ഒന്നുമുണ്ടായില്ല. കാട്ടുപോത്ത് ഇടിച്ചതിനാൽ ലോറിയുടെ മുൻവശത്ത് കേടുപാടുകൾ സംഭവിച്ചു. സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് ഷംല. കാട്ടാനക്കൂട്ടവും കാട്ടുപോത്തുകളും മറയൂർ കോവിൽക്കടവ് പാതയിലൂടെ സഞ്ചാരിക്കുന്നവർക്ക് വലിയ ഭീഷണിയായി മാറുകയാണ്.പലരും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്.ഇരു വശവും കുറ്റിക്കാടുകൾ വളർന്നു നിൽക്കുന്നതിനാൽ സഞ്ചാരികൾക്ക് ഇവയെ അകലെ നിന്നും കാണാൻ കഴിയുകയില്ല.