ഇടുക്കി : വനിത കമ്മീഷൻ അദാലത്തിൽ വ്യാജ പരാതികൾ വ്യാപകമാകുന്നതായി കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ . പൈനാവ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വനിതാ അദാലത്തിൽ 100 പരാതികൾ വനിതാ കമ്മീഷൻ പരിഗണിച്ചു. ഇതിൽ അഞ്ച് പരാതികൾ വ്യാജമാണെന്ന്തെളിഞ്ഞിരുന്നു. വ്യാജപരാതികൾ കമ്മീഷന് സമയ നഷ്ടവും സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കുന്നതായും വനിതാ കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞു. പൊതുപരാതിയായി എംപ്ലോയ്‌മെന്റ് ഗാർഡൻ റസിഡൻസ് അസോസിയേഷൻ എന്ന സംഘടനയുടെ പേരിൽ 22 സ്ത്രീകൾ നൽകിയ പരാതിയിൽ വാദികളായ ആരും എത്തിയില്ല. ഇവരെ പ്രതിനിധീകരിച്ച് എത്തിയത് ഒരു പുരുഷനും. കെഎസ്ഇബി ജീവനക്കാരികളുടെ പേരിൽ നൽകിയ പരാതിയിൽ പരാതിക്കാരുടെ പേരും വിവരങ്ങളും ഇല്ല. ഇതും വ്യാജപരാതിയായാണ് കമ്മീഷൻ കണക്കാക്കിയത്. ബാങ്കിലെ താത്കാലിക ജീവനക്കാരിയായ ഭാര്യയെ പുറത്താക്കിയതിനെ തുടർന്ന് ഭാര്യയുടെ പേരിൽ ഭർത്താവ് നൽകിയ പരാതി ഭാര്യ കമ്മീഷന്റെ മുൻപിൽ നിഷേധിച്ചതോടെ വ്യാജപരാതിയായി മാറി. വിദേശത്തു നിന്നു വരെ വനിതാ കമ്മീഷനിൽ വ്യാജപരാതികളെത്തി. ഇസ്രായേലിൽ നിന്നുള്ള യുവതിയുടെ പേരിൽ സൗദിയിലുള്ള യുവാവിനെ പ്രതിയാക്കിയാണ് മറ്റൊന്ന്.യുവതിയുടെ ബന്ധുക്കളെത്തി യുവതി ഇങ്ങനെയൊരു പരാതി അയച്ചിട്ടില്ല എന്നറിയച്ചതോടെ വ്യാജ ഇമെയിൽ പരാതിയുടെ ഉറവിടം അന്വേഷിക്കാനും കമ്മീഷൻ തീരുമാനിച്ചു. പ്രണയം നടിച്ച് നാലോളം യുവാക്കളെ കബിളിപ്പിച്ച യുവതിയുടെ പേരിലും വനിതാ കമ്മിഷനിൽ പരാതിയെത്തി. കുറ്റാരോപിതരായ രണ്ട് യുവാക്കൾ അദാലത്തിനെത്തിയെങ്കിലും പരാതിക്കാരിയായ യുവതി എത്തിയില്ല. മറ്റ് രണ്ട് യുവാക്കാളുടെ പേരിലും യുവതി പരാതി നൽകിയിട്ടുണ്ട്. വ്യാജപരാതികളുടെ പേരിൽ പുരുഷൻമാരെ കേസിൽ കുടുക്കുന്നതിനോടുള്ള ശക്തമായ വിയോജിപ്പും കമ്മീഷൻ രേഖപ്പെടുത്തി. വഴിത്തർക്കം, സ്വത്ത് തർക്കം തുടങ്ങിയ പരാതികളാണ് കൂടുതലായി കമ്മീഷന്റെ മുൻപിലെത്തിയത്. പോക്‌സോ കേസിലുൾപ്പെട്ട പ്രതിക്കെതിരെ ലഭിച്ച പരാതിയിൽ തുടർ അന്വേഷണം പൊലീസിന് കൈമാറി.
100 പരാതികൾ പരിഗണിച്ചതിൽ 10 എണ്ണം തീർപ്പാക്കി, 21 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി,
56 പരാതികളിൽ വാദിയും പ്രതിയും ഹാജരായില്ല. 13 കേസുകൾ പൊലീസിന് കൈമാറി. വനിതാ കമ്മീഷൻ അദ്ധ്യക്ഷയെ കൂടാതെ കമ്മീഷൻ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഇ.എം രാധ കമ്മീഷൻ ഡയറക്ടർ വി.യു കുര്യാക്കോസ്, എന്നിവർ പരാതികൾ പരിഗണിച്ചു.