house
എച്ച്.ആർ.ഡി.എസ് നിർമ്മിച്ചു നൽകുന്ന വീടിന്റെ മാതൃക

തൊടുപുഴ: ജില്ലയിലെ ഭവന രഹിതരായ ആയിരം ആദിവാസി കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടുകൾ ഒരുങ്ങുന്നു. എൻ.ജി.ഒയായ ഹൈറേഞ്ച് റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റി ഒഫ് ഇന്ത്യയുടെ (എച്ച്.ആർ.ഡി.എസ് ഇന്ത്യ) നേതൃത്വത്തിലാണ് 'സദ്ഗൃഹ' ഭവന പദ്ധതിയുടെ ഭാഗമായി വീടുകൾ നിർമ്മിച്ച് നൽകുന്നത്. നിലവിൽ വെള്ളിയാമറ്റം, അറക്കുളം, ഉപ്പുതറ പഞ്ചായത്തുകളിലെ ആദിവാസി വിഭാഗങ്ങൾക്കാണ് വീടുകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. ആദിവാസികളായ ഭവനരഹിതർക്ക് ജില്ലയിൽ എവിടെയും വീട് നിർമ്മിച്ച് നൽകും. ഗുണഭോക്താക്കൾ എച്ച്.ആർ.ഡി.എസ് ഇന്ത്യ സദ്ഗൃഹ ഗോത്രഭവന പദ്ധതിയുടെ തൊടുപുഴയിലെ ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. നേരത്തെ വയനാട് ജില്ലയിൽ ആദ്യഘട്ടത്തിൽ നിർമ്മിച്ച വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറിയിരുന്നു. അട്ടപ്പാടിയിൽ നിർമ്മിക്കുന്ന ആയിരം വീടുകളിൽ 300 എണ്ണം പൂർത്തിയായി. ബാക്കി 700 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

വീടുകളുടെ പ്രത്യേകത

 പ്രകൃതി സൗഹൃദമായ പ്രീഫാബ്രിക്കേറ്റഡ് വീടുകൾ

 വിസ്തൃതി- 370 സ്‌ക്വയർ ഫീറ്റ്

 ഒന്നിന്റെ ചെലവ്- 3.92 ലക്ഷം രൂപ

 രണ്ട് കിടപ്പുമുറി, ഹാൾ, അടുക്കള, വരാന്ത

 10 വർഷത്തെ അറ്റകുറ്റപ്പണി സൗജന്യം

തീയും മഴയും ചിതലും പേടിക്കണ്ട

ഫൈബർ സിമന്റ് പാനലുകളുപയോഗിച്ചുള്ള ചുമരും പൗഡർ കോട്ടിംഗുള്ള എസ് ഫോഡ് ഷീറ്റുപയോഗിച്ചുള്ള മേൽക്കൂരയുമായതിനാൽ ചിതലും തീയും മഴയുമൊന്നും വീടിനെ ബാധിക്കില്ല. ഒരു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും വീട്ടുപകരണങ്ങളും ഫർണീച്ചറും അടക്കമാണ് താക്കോൽ കൈമാറുക.


എച്ച്.ആർ.ഡി.എസിന്റെ ലക്ഷ്യം

രണ്ടുപതിറ്റാണ്ടിലധികമായി സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്ന എൻ.ജി.ഒ ആണ് എച്ച്.ആർ.ഡി.എസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭവന രഹിതരായ ആദിവാസി സമൂഹങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകുകയാണ് സംഘടനയുടെ ലക്ഷ്യം. മൂന്നുലക്ഷത്തോളം കുടുംബങ്ങൾക്ക് ഇത്തരത്തിൽ വീടുനിർമ്മിച്ച് നൽകും. കോർപ്പറേറ്റ് കമ്പനികളുടെ സി.എസ്.ആർ ഫണ്ടും വിദേശ ധനസഹായവുമാണ് ഇതിനായി വിനിയോഗിക്കുക. മുൻകേന്ദ്രമന്ത്രി ഡോ. എസ്. കൃഷ്ണകുമാറാണ് എച്ച്.ആർ.ഡി.എസ് പ്രസിഡന്റ്. അജി കൃഷ്ണൻ സ്ഥാപക സെക്രട്ടറിയും.

ഔഷധ കൃഷിയും തൊഴിൽ വികസനവും

ഇടുക്കിയിലെ മൂവായിരം ഏക്കർ തരിശുഭൂമിയിൽ ഔഷധസസ്യകൃഷി നടപ്പിലാക്കാനും സംഘടന ലക്ഷ്യമിടുന്നുണ്ട്. ആദിവാസി ഭൂമിയിൽ ഔഷധ കൃഷി നടത്തി ലാഭത്തിന്റെ 60% ആദിവാസികൾക്ക് നൽകി ശേഷിച്ച 40% അടുത്ത വർഷത്തെ കൃഷിക്ക് നീക്കിവയ്ക്കാവുന്ന പദ്ധതി ഉടൻ പ്രാവർത്തികമാകും. പ്രമുഖ ആയുർവേദ മരുന്നുകമ്പനികളുമായി ഇതിനായി ധാരണയിലെത്തിയിട്ടുണ്ട്.

'വെള്ളിയാമറ്റത്ത് പി.ജെ. ജോസഫ് എം.എൽ.എയുടെ നിർദ്ദേശപ്രകാരം എച്ച്.ആർ.ഡി.എസ് മാതൃകയായി നിർമ്മിക്കുന്ന രണ്ട് വീടുകൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഈ മാസം തന്നെ അവയുടെ താക്കോൽകൈമാറാനാകും."

-ബിജു കൃഷ്ണൻ (പ്രോജക്ട് ‌ഡയറക്ടർ)