ayyappan

കുമളി:വ്യത്യസ്ഥത അതായിരുന്നു അയ്യപ്പനെന്ന അറുപത്കാരന്റെ മുഖമുദ്ര. വാക്കിലും നടപ്പിലും വസ്ത്രധാരണത്തിലും എന്ന് വേണ്ട എന്തിലും വേറിട്ട് നിന്നിരുന്ന ആ മുഖം ഇനി നാട്ടുകാർക്ക് ഓർമ്മകളിൽമാത്രം. കഴിഞ്ഞ ദിവസം കുമളി അതിർത്തി ചെക്ക് പോസ്റ്റിന് സമീപം പിന്നോട്ടെടുത്ത ബസിനടിയിൽപ്പെട്ട് മരണമടഞ്ഞ തേക്കടി ഗാന്ധിനഗർ കോളനിയിൽ തോട്ടപ്പുരയ്ക്കൽ അയ്യപ്പനെക്കുറിച്ച് പറയുമ്പോൾ നൂറ് നാവാണ് നാട്ടുകാർക്കുള്ളത്. .തേക്കടി റൂട്ടിൽ അയ്യപ്പന്റെ ഹായ് ഗുഡ് മോർണിംഗ് ഫ്രണ്ട്സ് എന്ന വിഷിംഗ് കേൾക്കാത്ത ആരും ഉണ്ടായിരുന്നില്ല. തേക്കടിയിലെ ആദ്യ വഴികാട്ടികളിൽ ഒരാളായി വന്ന് ഇംഗ്ലീഷ്, ഫ്രഞ്ച് ,ജർമ്മൻഉൾപ്പടെ ഏഴ് ഭാഷകൾ അനായാസം കൈകാര്യം ചെയ്ത് പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിക്കാത്തഅയ്യപ്പൻ നാട്ടുകാരെ ഞെട്ടിച്ചിരുന്നു. നീട്ടിവളർത്തിയ മുടി, ടീ ഷർട്ടും പാന്റും വേഷം. ബ്രാൻഡഡ് ഷൂസേ ഇടൂ. വിദേശികൾ നൽകുന്ന മേൽത്തരം ഷൂ ഒരു വീക്ക്നസായിരുന്നു അയ്യപ്പന്.സൈക്കിളിലാണ് കുമളിയിലും തേക്കടിയിലുമൊക്കെ കറങ്ങിയിരുന്നത്. ഹെൽമറ്റ് ധരിച്ചേ സൈക്കിൾ ഓടിച്ചിരുന്നുള്ളു. ചുമട്ടുതൊഴിലാളിയായും പെയിന്റിംഗ് ജോലിക്കാരനായും ഗായകനായും കരകൗശല കൊത്ത് പണിക്കാരനായും ആയ്യപ്പൻ നിറഞ്ഞ് നിന്നിരുന്നു. മുളം കമ്പുകൾ കൊണ്ട് കുടിലുകളും ബഞ്ചുകളും കസേരകളും നിർമ്മിക്കുന്നതിൽ വിദഗ്ദ്ധനായിരുന്നു. പെരിയാർ കടുവാസങ്കേതത്തിലെ ഉൾവനങ്ങൾ കൃത്യമായും അറിയാവുന്ന ചുരുക്കം ചിലരിൽ ഒരാൾ, അങ്ങനെ വിശേഷണങ്ങൾ നിരവധിയാണ്. കമ്പത്ത്പോയി തിരികെവരുമ്പോൾ ബസിനടിയിൽപ്പെട്ട് അയ്യപ്പന്റെ ജീവൻ പൊലിഞ്ഞത്.ആറ് പതിറ്റാണ്ടിന്റെ പുതുമയുള്ള ജീവിതം പകർന്ന് നൽകിയ മധുരമുള്ള കുറേ ഓർമ്മകൾ ബാക്കിവെച്ചാണ് അയ്യപ്പൻ യാത്രയായത്.