കട്ടപ്പന: കണ്ടാലും കൊണ്ടാലും പഠിക്കാതെ ഇനിയും ചിലരുണ്ട്. നെടുങ്കണ്ടത്ത് കസ്റ്റഡി മരണത്തിലേക്ക് വഴിവെച്ച വായ്പ്പാതട്ടിപ്പ് സജീവമായി ചർച്ച ചെയ്യുമ്പോഴും ഹൈറേഞ്ചിൽ മണിചെയിൻ, വായ്‌പ്പാ തട്ടിപ്പ് സംഘങ്ങൾ ഇപ്പോഴും സജീവം.നാട്ടിൽ സഹകരണ സ്ഥാപനങ്ങളും മൈക്രോ ഫിനാൻസ് യൂണിറ്റുകളും ആവശ്യത്തിനുള്ളപ്പോൾ മുളപൊട്ടിവരുന്ന പുതിയ തട്ടിപ്പ് സംഘങ്ങളിൽ പലരും തലവെക്കുകയാണ്. വനിതകളാണ് പ്രധാനമായും ഇരകളാകുന്നത്.വനിതകൾക്കായി സംഘം രൂപീകരിച്ചും നിലവിലുള്ള സംഘങ്ങൾക്ക് വായ്‌പ നൽകാമെന്നും വാഗ്ദാനം ചെയ്ത് ആയിരം മുതൽ പതിനയ്യായിരം വരെയും മുൻകൂറായി അടപ്പിക്കുന്നതടക്കമുള്ള തട്ടിപ്പുകൾ ഇപ്പോഴും തുടരുന്നു.
.എന്നാൽ ഇങ്ങനെ പണം പിരിച്ചെടുക്കുന്നതല്ലാതെ ആർക്കും ലോൺ കൊടുക്കാറില്ല.പ്രദേശ വാസികളായ യുവതികളെയാണ് പണം പിരിക്കാൻ ഏൽപ്പിക്കുന്നത്.ഇവർക്കു കമ്മീഷൻ വ്യവസ്ഥയിൽ പ്രതിഫലം നൽകുന്നതിനാൽ ഇവരും തങ്ങളുടെ ബന്ധം ഉപയിഗിച്ചു കൂടുതൽ പേരെ ചേർക്കും.
ആഡംബര കാറുകൾ, ബൈക്കുകൾ, മൊബൈലുകൾ, ടൂർ പാക്കേജുകൾ തുടങ്ങിയ ആകർഷകങ്ങളായ ഓഫറുകൾ കാണിച്ചാണ് നിരവധി കമ്പനികൾ തട്ടിപ്പ് നടത്തുന്നത്. പ്രൊഫഷണൽ കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ഇരകളാക്കി വലിയ തുകയാണ് തട്ടിയെടുക്കുന്നത്
. കമ്മീഷനും വരുമാനവും ലഭിക്കാൻ കൂടെ ആളെ ചേർക്കാനും ഇവർ പറയും. നിരവധി പേരാണ് ഇത്തരം തട്ടിപ്പുകളിൽപ്പെട്ട് പണം നഷ്ടപ്പെടുത്തുന്നത്.
നിക്ഷേപകരിൽ നിന്ന് പണം സ്വീകരിക്കുകയും ആ പണം വിവിധ കമ്പനികളിൽ നിക്ഷേപിക്കുകയാണ് ഇത്തരം കമ്പനികൾ ചെയ്യുന്നത്. എല്ലാ ദിവസവും, അല്ലെങ്കിൽ പ്രവൃത്തിദിവസങ്ങളിലും അല്ലെങ്കിൽ എല്ലാ മാസവും ഈ കമ്പനികളിൽ നിന്നുള്ള ഡിവിഡന്റ് നിക്ഷേപകർക്ക് ലഭിക്കുകകയും ചെയ്യും. ഇങ്ങനെ പൊതുജനത്തിന്റെ പണം ഉപയോഗിച്ചു തന്നെ നിക്ഷേപം നടത്തുകയും അതിൽ നിന്ന് ലാഭം കൊയ്യുകയും ചെയ്യുമ്പോൾ കമ്പനിക്ക് മുടക്കുമുതൽ പോലും ആവശ്യമായി വരുന്നില്ല.
പുതുതായി നിക്ഷേപകർ എത്തുന്നത് മുടങ്ങുന്ന സാഹചര്യത്തിൽ നേരത്തെ പണം നിക്ഷേപിച്ചവർക്ക് അതിന്റെ ഡിവിഡന്റ് ലഭ്യമാകാതെ വരുന്നതോടെയാണ് ഇത്തരം കമ്പനികളുടെ തകർച്ച തുടങ്ങുന്നത്.
പണം പോകുന്ന വഴി
നാട്ടുകാരിൽനിന്നും പിരിച്ചെടുക്കുന്ന പണം ആരുടെ പക്കലാണ് സൂക്ഷിക്കുന്നതെന്ന് സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്കോ ജീവനക്കാർക്കോ അറിയില്ല.പണം കൃത്യമായി എത്തേണ്ട ഇടങ്ങളിൽ എത്തും. പ്രശ്നംഉണ്ടാകുമ്പോഴാണ് ആരാണ് ഉടമ, പണം എവിടെപ്പോയി എന്നത് തന്നെ അന്വേഷിക്കുന്നത്.
ഹരിതാ ഫിനാൻസ് വിടരുംമുമ്പേ കൊഴിഞ്ഞു
തട്ടിപ്പ് സംഘത്തിന്റെ പട്ടികയിൽ ഹൈറേഞ്ചിൽ അവസാനം ഇടം പിടിച്ച ഹരിതാ ഫിനാൻസ് വന്നതിലും വേഗത്തിലാണ് തകർന്നത്. ജോലിക്ക് ചെന്ന യുവതിയെ എം. ഡിയാക്കി. ഉടമയാണ് യുവതിയെന്ന് കാണിക്കാൻ ഇവർക്ക് വലിയ വാടകവീടെടുത്ത് കൊടുത്ത് അവിടെ താമസിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ പണം പിരിക്കുന്നതിന് നടത്തിപ്പ്കാരെയും വച്ചു. പഞ്ചായത്തംഗങ്ങൾ ഉൾപ്പടെയുള്ളവർ നിക്ഷേപകരായി. പക്ഷെ എല്ലാം പാളിയപ്പോൾ പോയത് ഒരു സാധാരണക്കാരന്റെ ജീവൻ, അതും കൊല്ലാക്കൊല ചെയ്ത് ആ ജീവൻ എടുക്കുകയായിരുന്നു.