cpi

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ സി.പി.ഐ സംസ്ഥാന സെന്റർ അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാൻ പ്രതികരിക്കുന്നതെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ. അതിനെ രണ്ടായി ചിത്രീകരിക്കുന്നത് ശുദ്ധ മര്യാദകേടാണ്. തെറ്റിദ്ധാരണയുണ്ടാക്കാൻ വേണ്ടി ബോധപൂർവം ചെയ്യുന്നതാണിത്. സി.പി.ഐയെ സംബന്ധിച്ചിടത്തോളം ശിവരാമൻ പറയുന്നതാണ് ഇടുക്കി ജില്ലയിലെ പാർട്ടിയുടെ അഭിപ്രായം. കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയേയും ആഭ്യന്തര വകുപ്പിനെയും വിമർശിക്കുന്ന സി.പി.ഐ കോൺഗ്രസിനും യു.ഡി.എഫിനും ഒപ്പം ചേർന്ന് സമരം നടത്തുന്നതായിരുന്നു നല്ലതെന്ന മന്ത്രി എം.എം. മണിയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു ശിവരാമൻ. സി.പി.എം അല്ല സി.പി.ഐ. ആന്തൂർ വിഷയത്തിൽ സി.പി.എം സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും രണ്ട് തട്ടിലായിരുന്നു. അതുപോലെ ഇവിടെ സംഭവിക്കുമെന്നുള്ള ധാരണ ശരിയല്ല. കെ.കെ. ശിവരാമൻ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:


മന്ത്രി എം.എം മണിയുടെ അഭിപ്രായത്തോടുള്ള പ്രതികരണം?

എന്താണ് സ്വന്തം പാർട്ടി ചെയ്യേണ്ടത്, എന്താണ് ഇടതുപക്ഷം ചെയ്യേണ്ടത് എന്ന് അങ്ങേർക്ക് വ്യക്തത ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നത്. ഒരു പൊലീസ് സ്റ്റേഷനിൽ നാല് ദിവസം ഒരാളെ കസ്റ്റഡിയിൽ വച്ച് പ്രാകൃതമായി പീ‌ഡിപ്പിച്ച് കൊന്നവ‌ർക്ക് പിന്നെ പട്ടും വളയും കൊടുക്കണോ. ഇടുക്കി ജില്ലയിലെ എത്രയോ പ്രശ്നങ്ങളിൽ സി.പി.എം കോൺഗ്രസുമായി ചേർന്ന് സമരം നടത്തിയിട്ടുണ്ട്. അവർക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യത്തിൽ ഞങ്ങൾ സമരം ചെയ്തപ്പോൾ കോൺഗ്രസിനൊപ്പം ചേർന്നോ എന്നുപറയുന്നതിൽ കാര്യമുണ്ടോ. കോൺഗ്രസുമായി സി.പി.എമ്മിന് തൊട്ടുകൂടായ്മ ഇല്ലല്ലോ. സി.പി.എമ്മിന്റെ 22-ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ പച്ചയായി പറയുന്നത് പാർലമെന്റിനകത്തും പുറത്തും ജനകീയ പ്രശ്നങ്ങളിൽ കോൺഗ്രസുമായി യോജിച്ച് സമരം ചെയ്യാമെന്നാണ്. ഞങ്ങൾ കോൺഗ്രസിനൊപ്പം ചേരാൻ പോയിട്ടില്ല. ഞങ്ങൾ ഞങ്ങളുടെ നിലപാടിൽ നിൽക്കുന്നു. കോൺഗ്രസിനും അതേ നിലപാടായത് ഞങ്ങളുടെ കുറ്റമല്ല.ഈ സംഭവത്തിൽ ഇടതുപക്ഷത്തിന് തലഉയർത്തിപിടിക്കുന്ന കാര്യത്തിൽ വീഴ്ച സംഭവിച്ചുവെന്ന് തന്നെയാണ് എന്റെ അഭിപ്രായം. അതിൽ മുഖ്യമന്ത്രിക്ക് വീഴ്ച വന്നുവെന്ന് പറയുന്നതിലും കുഴപ്പമില്ല. സർക്കാരിന്റെ അംഗീകൃത പൊലീസ് നയത്തിന് വിരുദ്ധമായിട്ടാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം. എസ്.പിയുടെ പേരിലാണ് ആദ്യം നടപടിയെടുക്കേണ്ടത്. അയാളാണ് ഇതിൽ ഒന്നാമത്തെ ഉത്തരവാദി. ഒന്നോ രണ്ടോ പൊലീസുകാർക്കെതിരെ നടപടിയെടുത്തുകൊണ്ട് ഈ വിഷയം ലഘൂകരിക്കുന്നത് ശരിയല്ല. എസ്.പിയുടെ നിർദ്ദേശാനുസരണം തന്നെയാണ് ഈ അരുംകൊല നടന്നത്. അക്കാര്യത്തിൽ ഒരു സംശയവുമില്ല. ഇത്തരമൊരു സംഭവം നടന്നാൽ എസ്.പിയോടല്ലേ ആദ്യം വിശദീകരണം തേടേണ്ടത്.

എസ്.പി പറഞ്ഞിട്ട് ചെയ്തതാണെങ്കിലും അല്ലെങ്കിലും സംഭവത്തിന്റെ ഒന്നാമത്തെ ഉത്തരവാദി എസ്.പിയാണ്. രണ്ടാമത്തെയാൾ ഡിവൈ.എസ്.പിയാണ്, മൂന്നാമത് സി.ഐയാണ്. നാലാമതേ എസ്.ഐ വരൂ. ഇതേ എസ്.പി തന്നെയാണ് പൊലീസുകാരെ സസ്‌‌പെൻഡ് ചെയ്യുകയും സ്ഥലംമാറ്റുകയും ചെയ്തത്. അവിടത്തെ പൊലീസ് സ്റ്റേഷനിലെ ഒരു എസ്.ഐയും രണ്ടുമൂന്ന് പൊലീസുകാരും ചേർന്ന് പ്ലാൻ ചെയ്ത് നടപ്പിലാക്കിയതാണ് ഈ കുറ്റകൃത്യമെന്ന ധാരണയാണ് ഏറ്റവും വലിയ വിവരക്കേട്. ഇതുപോലൊരു സംഭവത്തെ അങ്ങനെ ലഘൂകരിക്കരുത്. എസ്.പിയുടെയും ഡിവൈ.എസ്.പിയുടെയും സി.ഐയുടെയുംമേൽ ഒരു നടപടിയും എടുക്കാതെ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ഇവരുടെ ഉത്തരവാദിത്തം ചൂണ്ടിക്കാണിച്ചുകൊണ്ട് സമരരംഗത്തേക്ക് വരാൻ സി.പി.ഐ തീരുമാനിച്ചത്. ആദ്യം മുതൽ ഈ വിഷയത്തിൽ ഞങ്ങളുടെ നിലപാട് ഇതുതന്നെയാണ്. നിലപാടിൽ മാറ്റം വന്നിട്ടില്ല.


എസ്.പിയെ സ്ഥലം മാറ്റിയല്ലോ?

എസ്.പിയെ മാറ്റിയത് വളരെ വൈകിയാണ്. അയാൾക്ക് തനിക്കനുകൂലമായി കാര്യങ്ങൾ നീക്കാൻ വേണ്ട സമയം കിട്ടിയിട്ടുണ്ട്. സംഭവം നടന്നതിന് ശേഷം 12 ദിവസം അയാൾ എസ്.പിയായി ഇരുന്നു. അതിന് ശേഷമാണ് മാറ്റിയത്. മാറ്റാൻ കാരണം തന്നെ സി.പി.ഐയടക്കമുള്ളവരുടെ സമ്മർദ്ദം കാരണമാണ്. അധികാരത്തിൽ ഇരിക്കുമ്പോഴും ചിലപ്പോൾ സമരം ചെയ്യേണ്ടിവരും. സി.പി.ഐ സർക്കാരിന്റെ ഭാഗമാണെന്നതുകൊണ്ട് ഇത്തരം വിഷയങ്ങളിൽ സമരരംഗത്തേക്ക് വരുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. ശരിയായ നിലപാടിലേക്ക് വരുന്നതിന് വേണ്ടി മുമ്പും ഞങ്ങൾ

അങ്ങനെ ചെയ്തിട്ടുണ്ട്. ഈ സർക്കാരിന്റെ കാലത്ത് തന്നെ സി.പി.എം എത്രയോ തവണ പൊലീസ് സ്റ്റേഷനിലേക്കും പി.ഡബ്ല്യു.ഡി ഓഫീസിലേക്കും മാർച്ച് നടത്തിയിട്ടുണ്ട്. ഞങ്ങൾ ആഭ്യന്തരവകുപ്പിനെതിരെയല്ല സമരം നടത്തിയത്. കസ്റ്റഡി മരണക്കേസിൽ ഗൗരവമായ നിലപാട് എടുക്കുന്നതിൽ വീഴ്ചപറ്റിയിട്ടുണ്ടെന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. നെടുങ്കണ്ടം കസ്റ്റഡിമരണക്കേസുമായി ബന്ധപ്പെട്ട് മാത്രമാണ് ഞങ്ങൾക്ക് ആക്ഷേപം. ഞങ്ങളുടെ കൂടി സർക്കാരാണിത്. ഈ സർക്കാരിന്റെ പ്രചാരകരാണ് ഞങ്ങൾ. അതിന്റെ അർത്ഥം സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാൻ പാടില്ലെന്നല്ല.

രാജ്കുമാറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് കരുതുന്നുണ്ടോ?

അത് അന്വേഷണത്തിലൂടെ പുറത്തുവരേണ്ട കാര്യമാണ്. പക്ഷേ, അയാളുടെ പക്കലുള്ള പണം കണ്ടെത്താനായി പൊലീസ് ക്രൂരമായി മർദ്ദിച്ചു. സമീപകാല കേരള ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ്, കാന്താരി മുളക് അരച്ച് ഒരു മനുഷ്യന്റെ രഹസ്യഭാഗത്ത് തേച്ചെന്നത്. അതെല്ലാം എസ്.പിയുടെ അറിവോടെയും നിർദ്ദേശത്തോടെയുമാണെന്നാണ് അറിയാൻ കഴിയുന്നത്. അതിന്റെ പരിണിതഫലമാണ് കൊലപാതകമെന്ന് പറയുന്നത്. രാജ്കുമാർ നിശബ്ദനാകണമെന്ന് ചിന്തിക്കുന്നവരുമുണ്ടാകാം ഇതിന്റെ പിന്നിൽ. ഇയാളെ നിശബ്ദനാക്കിയാൽ ഒരുപാട് രഹസ്യങ്ങൾ മൂടിവയ്ക്കാൻ കഴിയുമെന്ന് കരുതുന്നവരുണ്ടാകാം. അന്വേഷണത്തിൽ മാത്രമേ ഇതിന്റെ പൂർണ വിവരങ്ങൾ പുറത്ത് വരൂ.


പിന്നിൽ ഒരു രാഷ്ട്രീയ നേതൃത്വമോ മറ്റോ?

അതേക്കുറിച്ച് ഞാനിപ്പോൾ ഒന്നും പറയുന്നില്ല. സ്വതന്ത്രമായ അന്വേഷണങ്ങൾ നടക്കട്ടെ. അന്വേഷണത്തിൽ വിവരങ്ങൾ പുറത്തുവരും. പ്രൊമോട്ട് ചെയ്യപ്പെട്ട് എസ്.പിയായി വരുന്നയാൾ ആ വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയോട് അമിത വിധേയത്വം പുലർത്താറുണ്ട്. ഇയാൾ അങ്ങനെ ഒരാളായിരുന്നു. അത് എത്രത്തോളമുണ്ടെന്ന് പറയാൻ ഞാൻ ആളല്ല. എന്നാൽ കുറ്റകൃത്യം തടയുന്നതിലും സർക്കാരിന്റെ പൊലീസ് നയം നടപ്പിലാക്കുന്ന കാര്യത്തിലും പരാജയമായിരുന്നു. വായ്പാ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവന്നാലെ രാജ്കുമാറിന്റേത് പ്ലാൻ ചെയ്ത അരുംകൊലയായിരുന്നോയെന്ന് വ്യക്തമാകൂ. കരുണാപുരം, നെടുങ്കണ്ടം പഞ്ചായത്തുകളിലെ കോൺഗ്രസ് മെമ്പർമാരാണ് വായ്പയെടുക്കുന്നതിന് ആളെ കൂട്ടാൻ നടന്നതെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. അവരുടെ പങ്കും അന്വേഷിക്കണം. ജുഡീഷ്യൽ അന്വേഷണത്തിൽ ഇതെല്ലാം പുറത്ത് വരുമെന്നാണ് ഞാൻ കരുതുന്നത്.


കസ്റ്റഡിമരണങ്ങൾ ആവർത്തിക്കുന്നതിനെക്കുറിച്ച്?

ഇത്തരം സംഭവങ്ങൾ എല്ലാ സർക്കാരുകളുടെയും കാലത്ത് ഉണ്ടായിട്ടുണ്ട്. എന്നാൽ അത് സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുന്നവെന്നതാണ് കാര്യം. ഒരു കാര്യം ഉറപ്പാണ്, യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ പോലെയല്ല ഇടതുപക്ഷ സർക്കാർ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. ഈ കേസിൽ അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ട്. ഇതിൽ പ്രകടമായിതന്നെ ഉന്നത ഉദ്യോഗസ്ഥർക്കുള്ള പങ്ക് വളരെ വ്യക്തമാണ്. അതിനുനേരെ കണ്ണടയ്ക്കുന്നത് യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരാനുള്ള അന്വേഷണത്തെ തടസപ്പെടുത്തും.


എന്തുകൊണ്ടാണ് കൈയേറ്റവിഷയങ്ങളിലടക്കം ഇടുക്കിയിൽ സി.പി.ഐയും സി.പി.എമ്മും രണ്ടു ധ്രുവങ്ങളിലാകുന്നത്?

രണ്ടും രണ്ട് പാർട്ടിയാണല്ലോ. ഞങ്ങൾക്ക് കൈയേറ്റത്തെക്കുറിച്ച് വളരെ വ്യക്തമായ അഭിപ്രായമുണ്ട്. സർക്കാർ ഭൂമി കൈയേറി വ്യാജപട്ടയമുണ്ടാക്കി വിറ്റ് കോടികൾ കൊയ്യുന്ന ഒരു ടീമുണ്ട് ഇടുക്കിയിൽ. ചിന്നക്കനാലിലെ ഒരു കുടംബമാണ് ഇതിന് നേതൃത്വം നൽകുന്നത്. വ്യാജപട്ടയത്തിന്റെ പിൻബലത്തിൽ ഇവിടെ എത്ര റിസോർട്ടുകളാണ് നിർമ്മിച്ചിരിക്കുന്നത്. ഇവരെ സഹായിക്കുന്ന രാഷ്ട്രീയ മേലാളന്മാരുണ്ട്. ഏത് സർക്കാർ അധികാരത്തിൽ വന്നാലും അവരതുമായി മുന്നോട്ടുപോകും. സി.പി.ഐ എല്ലാകാലത്തും കൈയേറ്റത്തിന് എതിരാണ്. ഞങ്ങൾ കൈയേറാൻ പോയിട്ടില്ല. വ്യാജപട്ടയമുണ്ടാക്കാനോ വിറ്റ് കാശ് മേടിക്കാനോ പോയിട്ടില്ല. അതുകൊണ്ട് ഇത്തരം വിഷയങ്ങളിൽ ശക്തമായ നിലപാടെടുക്കാൻ സി.പി.ഐക്ക് കഴിയും. ഏതുകാലത്തും ഞങ്ങളുടെ നിലപാട് ഒന്നു തന്നെയാണ്.


എം.എം. മണിയോട് എന്തെങ്കിലും വിരോധമുണ്ടോ?

മണിയാശാനാട് വ്യക്തിപരമായി എനിക്ക് യാതൊരു വിരോധവുമില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ എനിക്ക് വലിയ ഇഷ്ടവുമാണ്. എന്നാൽ അദ്ദേഹം എടുക്കുന്ന പല നിലപാടുകളോടും എനിക്ക് വിയോജിപ്പുണ്ട്. എനിക്കെന്ന് പറഞ്ഞാൽ കെ.കെ. ശിവരാമന് വ്യക്തിപരമായി വിയോജിപ്പുണ്ടെന്നല്ല, സി.പി.ഐയ്ക്ക് യോജിപ്പില്ലെന്നാണ് അതിന്റെ അർത്ഥം. കെ.കെ. ശിവരാമന്റെ വ്യക്തിപരമായ യോജിപ്പോ വിയോജിപ്പോ ഒന്നും പ്രശ്നമല്ല. നിലപാട് പരസ്യമായി പ്രകടിപ്പിക്കേണ്ടി വരാറുണ്ട്. അദ്ദേഹം ഞങ്ങളുടെ പാർട്ടിയെ ശക്തമായി കടന്നാക്രമിക്കാറുണ്ട്. ഞങ്ങളുടെ പാർട്ടിയെ തകർക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരം സന്ദർഭങ്ങൾ വരുമ്പോൾ അതിനെ ആ നിലയിൽ നേരിടുകയല്ലാതെ വേറെ വഴിയില്ല. ഒരു കാര്യവുമില്ലാതെ സമയം കിട്ടുമ്പോഴെല്ലാം അദ്ദേഹം സി.പി.ഐക്കെതിരെ എന്തെങ്കിലും പറയാറുണ്ട്. നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ആളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പ്രതികരണമാണ് എം.എം. മണിയിൽ നിന്നുണ്ടായത്. രാജ്കുമാറിന്റെ മരണത്തെക്കുറിച്ചുള്ള പ്രതികരണം ചോദിച്ചപ്പോൾ അവൻ കുഴപ്പക്കാരനായിരുന്നുവെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ആളിൽ നിന്നും അങ്ങനെയൊരു പ്രതികരണമല്ല ഉണ്ടാകേണ്ടത്.