fish
മത്സ്യകർഷകൻ ടോമി പീറ്ററിനെ അവാർഡ് നൽകി ആദരിക്കുന്നു

ഇടുക്കി: ദേശിയ മത്സ്യകർഷക ദിനത്തിൽ ഫിഷറീസ് വകുപ്പ് സംസ്ഥാന തലത്തിൽ പ്രഖ്യാപിച്ചവയിൽ ജില്ലയെ തേടിയെത്തിയത് നാല് പുരസ്‌കാരങ്ങൾ. ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. മികച്ച നൂതന മത്സ്യ കർഷകനുള്ള സംസ്ഥാനതല പുരസകാരം തങ്കമണി സ്വദേശി വെളിഞ്ഞാലിൽ ടോമി പീറ്റർ നേടി.50,000 രൂപയും പ്രശസ്തി പത്രവും ഫലകവും ലഭിക്കും.ജില്ലാതലത്തിൽ മികച്ച ശുദ്ധജലമത്സ്യ കർഷകനുള്ള പുരസ്‌കാരം രാജക്കാട് അരിവിളംചാൽ സ്വദേശി തെക്കുംകുടിയിൽ ജെയിംസ് മാത്യു നേടി. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ലഭിക്കും. മികച്ച ജില്ലാതല അക്വകൾച്ചർ പ്രെമോട്ടർക്കുള്ള പുരസ്‌കാരം മുളക്വാലി സ്വദേശി പടിക്കാക്കുന്നേൽ ജോസ് പിസി അർഹനായി. അയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്. ജില്ലയിൽ മികച്ച മത്സ്യമേഖലാ പ്രവർത്തനം നടപ്പാക്കിയ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിനുള്ള പുരസ്‌കാരം ഇരട്ടയാർ പഞ്ചായത്ത് നേടി. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം.

പുരസ്‌കാരം ഇരട്ടി മധുരമായി

ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച മത്സ്യകർഷക ദിനാചരണ വേദിയിലാണ് ജില്ലയിലെ മത്സ്യ കർഷ അവാർഡ് വാങ്ങാനെത്തിയ തങ്കമണി സ്വദേശി ടോമി പീറ്റർ മികച്ച നൂതന മത്സ്യ കർഷകനുള്ള സംസ്ഥാനതല പുരസകാരവും തന്നെ തേടിയെത്തിയ വാർത്ത അറിയുന്നത്. അവാർഡ് വാങ്ങാനും സെമിനാറിൽ പങ്കെടുക്കാനുമെത്തിയ ടോമിക്ക് വാർത്ത ഇരട്ടി മധുരവുമായി. മത്സ്യകൃഷി മേഖലയിലെ സാദ്ധ്യതകണ്ടാണ് ടോമി പീറ്റർ ഈ രംഗത്തേക്ക് കടന്നുവരുന്നത്. നൂതന മത്സ്യകൃഷി രീതിയായ റീ സർക്കുലേറ്ററി അക്വാ കൾച്ചർ സിസ്റ്റമാണ് ടോമി അവലംബിക്കുന്നത്. 40 ക്യുബിക് മീറ്റർ വെള്ളത്തിൽ 4000 മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്, ഇതിൽ നിന്നും ഏകദേശം 1440 കിലോ ഗ്രാം മത്സ്യം ഉല്പാദിപ്പിച്ചു കഴിഞ്ഞു.കൃത്യമായ തീറ്റയും ശാസ്ത്രീയ രീതികളും ഡിപ്പാർട്‌മെന്റ് മാനദണ്ഡങ്ങളും അവലംഭിച്ചതിനാൽ ശരാശരി 400 ഗ്രാം വരെ മത്സ്യവളർച്ചയുമുണ്ട്.
മറ്റ് കർഷകരിൽ നിന്നും ടോമിയെ വ്യത്യസ്തനാക്കുന്നതും മാർക്കറ്റിംഗ് രീതിയിൽ കാണിക്കുന്ന പുതുമ തന്നെയാണ്. റിസോർ്ട്ടുകളിൽ അവർക്ക് റെഡി റ്റു ഫ്രൈ രൂപത്തിൽ ക്ലീൻ ചെയ്ത് മസാലപുരട്ടിയ മത്സ്യം ഉപഭോക്താക്കൾക്ക് കണ്ട് തെരഞ്ഞെടുക്കാവുന്ന രീതിയിൽ കൊടുക്കുന്ന വിപണന തന്ത്രം തന്നെയാണ് എല്ലാ അർത്ഥത്തിലും ടോമിയെ നൂതന കർഷകനാക്കുന്നത്.