കുമളി, അടിമാലി,നെടുങ്കണ്ടം പഞ്ചായത്തുകളെ മാതൃകാ സ്ഥാപനങ്ങളായി തിരഞ്ഞെടുത്തു
തൊടുപുഴ : പരിസ്ഥിതി സംരക്ഷണ നിയമങ്ങളും മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളും സംസ്ഥാനത്ത് കർശനമായി നടപ്പാക്കാൻ ഗ്രീൻ ട്രിബ്യൂണൽ ഇടപെടുന്നു.നേരത്തേ മേഖലാ തല കമ്മിറ്റികളാണ് രാജ്യത്ത് ഇത്തരം പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത് സംസ്ഥാനജില്ലാ തലങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചു. നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനാണ് നടപടി.ഇടുക്കി അടക്കം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റികൾ നിലവിൽ വന്നു.
സംസ്ഥാനത്തെ 42 ഗ്രാമപ്പഞ്ചായത്തുകൾ, മൂന്ന് മുനിസിപ്പാലിറ്റികൾ, മൂന്ന് കോർപ്പറേഷനുകൾ എന്നിവയെ പരിസ്ഥിതി മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനായി തിരഞ്ഞെടുത്തു. ഇടുക്കിയിൽ കുമളി, അടിമാലി,നെടുങ്കണ്ടം പഞ്ചായത്തുകളെയാണ് മാതൃകാ സ്ഥാപനങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവിടങ്ങളിൽ ആറുമാസത്തിനകം പാരിസ്ഥിതിക നിയമങ്ങളും മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളും ഏറ്റവും മാതൃകാപരമായി നടപ്പാക്കും. തുടർന്ന് ഒരു വർഷത്തിനുള്ളിൽ ജില്ലയിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും ഇത് ബാധകമാക്കണമെന്നുമാണ് ഗ്രീൻ ട്രിബ്യൂണൽ നിർദ്ദേശ പ്രകാരം രൂപീകരിച്ച സംസ്ഥാന തല അവലോകന സമിതിയുടെ തീരുമാനം. ഇതേ മാതൃകയിൽ തന്നെയാകും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിയമം ശക്തമായി നടപ്പാക്കുകയെന്ന് ഇടുക്കി ജില്ലാ തല അവലോകന യോഗത്തിൽ ചെയർമാൻ മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള വ്യക്തമാക്കി.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആണ് ജില്ലകളിലെ നോഡൽ ഓഫിസർ. ജില്ലാ കലക്ടറാണ് സമിതി ചെയർമാൻ .