rajkumar-custody-death

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം മുൻ എസ്.പി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരിലേക്ക്. മുതിർന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ആഭ്യന്തര വകുപ്പിന്റെ അനുമതിക്കായി അന്വേഷണ സംഘം ശ്രമം തുടങ്ങിയതായാണ് സൂചന. ഇടുക്കി മുൻ എസ്.പിയടക്കം ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് രാജ്കുമാറിനെ നാലു ദിവസം അനധികൃത കസ്റ്റഡിൽ സൂക്ഷിച്ചതെന്ന മൊഴി എസ്.ഐ സാബു ഇന്നലെയും ആവർത്തിച്ചു.

പീരുമേട് കോടതി കസ്റ്റഡിയിൽ വിട്ടുനൽകിയ സാബുവിനെ ഇന്നലെ ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗർവാളിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തിരുന്നു. അപ്പോഴാണ് എസ്.പിക്കെതിരെ നേരത്തേ നൽകിയ മൊഴി സാബു ആവർത്തിച്ചത്. അന്വേഷണപുരോഗതി വിലയിരുത്താൻ ക്രൈംബ്രാഞ്ചിന്റെ ക്യാമ്പ് ഓഫീസായായ നെടുങ്കണ്ടം റസ്റ്റ് ഹൗസിലെത്തിയതായിരുന്നു ഐ.ജി. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ദിവസംതന്നെ വാട്‌സ്ആപ്പിലൂടെ ഇയാളുടെ ചിത്രവും കേസ് വിവരങ്ങളും താൻ എസ്.പിക്കും കട്ടപ്പന ഡിവൈ.എസ്.പിക്കും നൽകിയെന്ന് എസ്.ഐ മൊഴി നൽകി. കസ്റ്റഡിയിൽ സൂക്ഷിച്ച നാലു ദിവസവും വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നായും സാബു പറഞ്ഞു.

ഇന്നലെ ഉച്ചയോടെ നെടുങ്കണ്ടത്തെത്തിയ ഐ.ജി ക്യാമ്പ് ഒാഫീസിൽ ഒന്നര മണിക്കൂർ ചെലവിട്ട ശേഷമാണ് മടങ്ങിയത്. വൈകിട്ട് ആറു മണിയോടെ കസ്റ്റഡി കാലാവധി അവസാനിച്ച സാബുവിനെ അന്വേഷണസംഘം പീരുമേട് കോടതിയിൽ ഹാജരാക്കി ദേവികുളം സബ് ജയിലിൽ റിമാൻഡ് ചെയ്തു. രാജ്കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ചില്ലെന്നു സ്ഥാപിക്കാൻ ഇയാളെ പിറ്റേന്നുതന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായി എസ്.ഐ വ്യാജരേഖയുണ്ടാക്കിയത് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ കുറ്റം കൂടി എസ്.ഐക്ക് എതിരെ ചുമത്തും.

നെടുങ്കണ്ടം സ്റ്റേഷനിൽ കഴിഞ്ഞ മാസം 12 മുതൽ 16 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നവരിൽ, വൈരുദ്ധ്യമുള്ള മൊഴികൾ നൽകിയവരെ വീണ്ടും ചോദ്യം ചെയ്യും. തെളിവുശേഖരണം പൂർത്തിയായ ശേഷം അടുത്ത ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും. അതിനിടെ, ഹരിത ഫിനാൻസ് തട്ടിപ്പിനു പിന്നിൽ കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്

സി.പി.എം പ്രവർത്തകർ നെടുങ്കണ്ടം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.