ഇടുക്കി: കേരളത്തിലെ മറ്റ് പൊലീസ് സ്റ്റേഷനുകൾ പോലെയല്ലനെടുങ്കണ്ടം സ്റ്റേഷൻ. ഇവിടത്തെ പൊലീസുകാരുടെ രീതികൾ കുറച്ച് വ്യത്യസ്തമാണ്. ജനമൈത്രി സ്റ്റേഷനെന്ന ബോർഡ് വച്ചിട്ടുണ്ടെങ്കിലും കാര്യങ്ങളൊട്ടും ജനത്തിന് മൈത്രിയല്ല. കൺമുന്നിൽ കാണുന്നവരെയെല്ലാം ശത്രുക്കളായി കണ്ട് ഇവിടത്തെ ചില സാറന്മാർ പഠിച്ചുപോയി. സാധാരണ പൊലീസ് സ്റ്റേഷനുകളിലുള്ള സാധനങ്ങളല്ല ഇവിടെയുള്ളത്. കാന്താരിമുളക്, മുളക് സ്‌പ്രേ, തിളച്ച എണ്ണ ഇവയെല്ലാമാണ്ഇവിടത്തെ പ്രധാന വിഭവങ്ങൾ. സ്റ്റേഷനിൽ കൊണ്ടുവരുന്ന പാവങ്ങളുടെ മേൽ ഏമാന്മാർക്ക് പരീക്ഷിക്കാനുള്ളതാണിതെല്ലാം. ആരെയെങ്കിലും കൈയിൽ കിട്ടിയാൽ പിന്നെ കൈ തരിപ്പ് മാറാതെ സാറന്മാർക്ക് ഇരിപ്പുറക്കില്ല. കാമറാ കണ്ണിൽ പെടാതെ നന്നായി പെരുമാറാൻ പ്രത്യേക ഇടവുമു ഈ സ്റ്റേഷനിൽ. സ്റ്റേഷന്റെ രണ്ടാം നിലയിലെ വിശ്രമമുറിയാണ് ഈ അക്രമമുറി. സ്റ്റേഷനിലെ സ്ഥിരം കുടിയന്മാരായ പൊലീസുകാരുടെ 'ബാറും ' ഇത് തന്നെ. മദ്യലഹരിയിൽ പൊലീസുകാർ ക്രൂരത മുഴുവൻ കസ്റ്റഡിയിലുള്ളവരോട് തീർക്കും. രാത്രികാലങ്ങളിൽ ഈ മുറിയിൽ നിന്ന് പലരുടെയും നിലവിളികൾ കേൾക്കാറുണ്ടെന്ന് അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നു. പിടിച്ചു കൊണ്ടുവരുന്ന പ്രതികളെ കട്ടിലിൽ കെട്ടിയിട്ടാണ് മർദ്ദനം. കുറ്റം അടിച്ചേൽപ്പിക്കാൻ മർദ്ദകനായ പൊലീസുകാരന്റ സാഡിസ്റ്റ് മനോഗതത്തിന് അനുസരിച്ചുള്ള എന്ത് ഉപകരണവും ഉപയോഗിക്കാം. നല്ല ചൂരലിന്റെ ലാത്തി വച്ച് കാൽ വെള്ളയിൽ ആഞ്ഞ് തല്ലിയാൽ ആരും ചെയ്യാത്ത തെറ്റ് വരെ ഏറ്റ് പറയും. കൈകൾ കെട്ടിയിട്ട് കാലുകൾ രണ്ടും വശങ്ങളിലേക്ക് അകത്തിയാൽ മനുഷ്യനായി ജനിച്ചവന്റെ ഉള്ള ജീവൻ പോകും. എന്നിട്ടും മതിയാകാതെ ലാത്തി കൊണ്ട് ശക്തമായി തുടയിലും കാലിലും തല്ലുകയും ഉരുട്ടുകയും ചെയ്യും. ഈ വക മർദ്ദന മുറകളൊന്നും ഏശാത്തവർക്ക് നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാർ സ്വതസിദ്ധമായി വികസിപ്പിച്ചതാണ് മുളക് പ്രയോഗം. ഇതിന് വേണ്ടി മാത്രമായി സ്റ്റേഷന് പിന്നിൽ നല്ല എരിവുള്ള ചീനി ഏമാന്മാർ നട്ടുവളർത്തുന്നുണ്ട്. അടിവസ്ത്രമൂരി ഇതങ്ങ് തേച്ച് പിടിപ്പിച്ചാൽ മൂന്ന് ലോകവും ഒരുമിച്ച് കാണും. ഇതിന് ബുദ്ധിമുട്ടുള്ളവർക്ക് കുരുമുളക് സ്‌പ്രേയുമുണ്ട്. സ്ത്രീകളാണ് പ്രതികളെങ്കിൽ മുളക് പ്രയോഗത്തിന് പ്രത്യേകം വനിതാ പൊലീസുകാരുമുണ്ട്. മെഡിക്കൽ പരിശോധനയ്ക്ക് പോകുമ്പോഴും മജിസ്‌ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കുമ്പോഴും ഏമാന്മാരുടെ കൈത്തരിപ്പ് തീർത്ത വിവരം അറിയാതിരിക്കാൻ പല അടവുകളുമുണ്ട്. അതിലൊന്നാണ് ചൂടാക്കിയ വെളിച്ചെണ്ണ ഉപയോഗിച്ചുള്ള ഉഴിച്ചിൽ. എണ്ണ ചൂടാക്കാൻ പൊലീസ് സ്റ്റേഷന് സ്വന്തമായി കാന്റീനുണ്ട്. ഉഴിച്ചിലുകാർ ഇഷ്ടംപോലെ ഏമാന്മാരുടെ 'കസ്റ്റഡിയിലുണ്ട്'. പക്ഷേ, ഉഴിച്ചിലിന്റെ പൈസ, അത് ഇടികൊണ്ടവന്റെ പോക്കറ്റിൽ നിന്ന് തന്നെ കൊടുക്കണം. മജിസ്‌ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കുമ്പോഴെങ്ങാനും മർദ്ദിച്ച വിവരം പറഞ്ഞാൽ പിന്നെ ജീവനോടെ ഉണ്ടാകില്ലെന്നാകും പൊലീസ് ഗുണ്ടകളുടെ ഭീഷണി. ജീവൻ ഭയന്ന് ആരും ഒന്നും പുറത്ത് പറയില്ല. രാജ്കുമാറിനും സംഭവിച്ചത് ഇതൊക്കെ തന്നെയാണ്.