rajkumar-death

തൊടുപുഴ: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ ഒരാഴ്ചക്കകം സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി സൊമിനിക് അറിയിച്ചു. തെളിവെടുപ്പിന്റെ ഭാഗമായി കമ്മീഷൻ അദ്ധ്യക്ഷൻ പീരുമേട് സബ്ജയിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനും സന്ദർശിച്ചു. രാജ്കുമാറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, എഫ്.ഐ.ആർ തുടങ്ങി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ലഭ്യമായ എല്ലാ രേഖകളുടെയും പകർപ്പ് കമ്മീഷൻ ശേഖരിച്ചു. പീരുമേട് ജയിലിൽ തടവുകാരുമായി കമ്മീഷൻ ആശയവിനിമയം നടത്തി. രാജ്കുമാറിന്റെ ഭാര്യ വിജയ നൽകിയ പരാതി കമ്മീഷൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ യഥാസമയം സ്വീകരിച്ചിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാമായിരുന്നെന് ജസ്റ്റിസ് ആന്റണി സൊമിനിക് പറഞ്ഞു.