കട്ടപ്പന: തെരുവ് നായ്ക്കളിൽ പേവിഷ ബാധയെന്ന് സ്ഥിതീകരിച്ചതോടെ നാട്ടുകാർ ആശങ്കയിലായി. നായ്ക്കളുടെ കടിയേറ്റ് ഇന്നലെ ഒരു പശുവിന് പേവിഷബായുണ്ടായി ചത്തു.
പാറക്കടവിന് സമീപം കൊല്ലപ്പള്ളിൽ ദിവാകരന്റെ കറവപ്പശുവാണ് ചത്തത്.കഴിഞ്ഞ ഒരാഴ്ച്ചക്കിടയിൽമൂന്ന് പശുക്കളാണ് പേവിഷബാധയുണ്ടായി ചാകുന്നത്..
രണ്ട് ദിവസം മുൻപാണ് പശു പേവിഷ ബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്.വ്യാഴാഴ്ച വൈകിട്ടോടെ പശു അക്രമാസക്തമായിരുന്നു,രാത്രി 7.30 ഓടെ രോഗം മൂർച്ഛിച്ചു ചത്തു.പശുവിന് പേപ്പട്ടിയുടെ കടിയേറ്റത് ഉടമ അറിഞ്ഞിരുന്നില്ല,അതിനാൽ പ്രധിരോധ വാക്സിനേഷൻ നൽകാനായില്ല. ഇന്നലെ പകൽ ഈ പ്രദേശത്ത് പേപ്പട്ടിയെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്.ഈ പട്ടിയാകാം പശുക്കളെ കടിച്ചതെന്നാണ് കരുതുന്നത്. .പാറക്കടവിൽ നായ്ക്കളുടെ ശല്യം അതിരൂക്ഷമായിരിക്കുകയാണ്.പുലർച്ചെയും രാത്രി കാലങ്ങളിലുമാണ് ഇവറ്റകളുടെ ശല്യം ഏറ്റവും കൂടുതലായിരിക്കുന്നത്.നായ ശല്യം മൂലം വിദ്യാർത്ഥികളെ പേടി കൂടാതെ സ്‌കൂളിലേയ്ക്ക് പറഞ്ഞയക്കാൻ മാതാപിതാക്കൾക്കും കഴിയുന്നില്ല.
പീരുമേട്, കട്ടപ്പന, ഏലപ്പാറ, ഉപ്പുതറ മേഖലകളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. ഇതു വരെയും ചത്തത് വളർത്തുമൃഗങ്ങളെങ്കിലും നിരവധി പേർക്ക് നായയുടെ കടിയേറ്റിട്ടുണ്ട്. കട്ടപ്പന സുവർണ്ണഗിരി ,കൊച്ചുകാമാക്ഷി, ഉപ്പുതറ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾക്കും, വീട്ടമ്മമാർക്കും ഉൾപ്പെടെ തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്. കടിയേൽക്കുന്നവർക്ക് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുവാൻ ആവശ്യമായ മരുന്ന് ജില്ലയിലെ സർക്കാർ ആതുരാലയങ്ങളിൽ ഒരിടത്തും ഇല്ല. ഇതും അപകട സാദ്ധ്യത കൂട്ടുകയാണ്. കോട്ടയം മെഡിക്കൽ കോളേജിനെയാണിപ്പോൾ ആശ്രയിക്കുന്നത്.

വളർത്തുനായ്ക്കൾക്ക്

കുത്തിവെയ്പ്

കട്ടപ്പന നഗരസഭ പ്രദേശത്ത് പേപ്പട്ടി ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വളർത്തു നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് 15 മുതൽ 24 വരെ ഓരോ വാർഡിലെയും രണ്ട് കേന്ദ്രങ്ങളിൽ നൽകും. കുടുംബശ്രീ മിഷന്റെ തെരുവ്നായ നിയന്ത്രണ പദ്ധതിയുമായി ചേർന്നാണ് കുത്തിവയ്പ്പ് . 25ന് മുമ്പ് തെരുവ് നായ്ക്കളെ പിടിച്ച് ഇടുക്കിയിലുള്ള പൗണ്ടിൽ കോണ്ടുപോയി വന്ധ്യത നിയന്ത്രണത്തിന് വിധേയമാക്കും. പേപ്പട്ടി കടിച്ച് പശുക്കളും ആടുകളും ചത്തുപോയ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ മൃഗ സംരക്ഷണ വകുപ്പ് അടിയന്തരമായി സ്വീകരിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയർമാൻ അറിയിച്ചു.