തൊടുപുഴ: കോടിക്കണക്കിന് പേർക്ക് ചികിത്സാ സഹായം ലഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നതിൽ വ്യാപക അപാകതയെന്ന് ആക്ഷേപം. കുമാരമംഗലത്ത് കാർഡ് പുതുക്കിയതിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ജില്ലാ ലേബർ ഓഫീസറെ തടഞ്ഞുവച്ചു. ഇന്നലെ രാവിലെ 11 മുതലാണ് പഞ്ചായത്ത് പ്രസിഡന്റ് ലിന്റ സിബിന്റെ നേതൃത്വത്തിൽ ലേബർ ഓഫീസർ വി.കെ. നവാസിനെ തടഞ്ഞുവച്ചത്.
പുതുക്കിയ ഇൻഷുറൻസ് പദ്ധതിയിൽ കുടുംബാംഗങ്ങൾക്കെല്ലാം വെവ്വേറെ കാർഡ് നൽകണം. ഇതിനായി പഞ്ചായത്തുകൾ തോറും നിരവധി ക്യാമ്പുകൾ ഏജൻസി നടത്തിയിരുന്നു. കുടുംബത്തിലെ എല്ലാ അംഗങ്ങളും ആവശ്യമായ രേഖകൾ സഹിതം ക്യാമ്പിലെത്തി രജിസ്ട്രർ ചെയ്യണമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ കുമാരമംഗലം പഞ്ചായത്തിൽ നടത്തിയ ക്യാമ്പിൽ ഒരു കുടുംബത്തിലെ ഒരംഗം വന്നാൽ മതിയെന്നാണ് ഏജൻസി അധികൃതർ അറിയിച്ചത്. ഇതനുസരിച്ച് മറ്റംഗങ്ങളുടെ രേഖകളുമായി കുടുംബത്തിലെ ഒരംഗം മാത്രമാണ് രജിസ്ട്രർ ചെയ്തത്. എന്നാൽ പിന്നീട് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ നേരിട്ടെത്തി രജിസ്ട്രേഷൻ നടത്താത്തവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നായിരുന്നു ലഭിച്ച മറുപടി. പരാതിയെ തുടർന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടതുപ്രകാരം കുമാരമംഗലത്ത് വീണ്ടും നാല് ദിവസത്തെ ക്യാമ്പ് വച്ചു. ക്യാമ്പിന്റെ ആദ്യ ദിവസമായ ബുധനാഴ്ച തിരക്ക് കൂടിയപ്പോൾ വീണ്ടും ഏജൻസി പഴയപോലെ ഒരാൾ വന്നാൽ മതിയെന്ന് പറഞ്ഞു. എന്നാൽ ജനങ്ങളും പഞ്ചായത്ത് മെമ്പർമാരും ഇതിന് തയ്യാറായില്ല. തുടർന്ന് ഇവരുടെ നിർബന്ധപ്രകാരം വൈകിട്ട് ആറ് മണിവരെ സമയമെടുത്ത് ക്യാമ്പിലെത്തിയ എല്ലാവരെയും രജിസ്ട്രർ ചെയ്യാൻ അധികൃതർ തയ്യാറായി. എന്നാൽ ഇന്നലെ ഏജൻസിക്കാർ ആരും പഞ്ചായത്തിൽ എത്തിയില്ല. ഇതോടെ അതിരാവിലെ പഞ്ചായത്തിലെത്തി ടോക്കൺ എടുത്ത് കാത്തിരുന്ന വൃദ്ധരും സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ ബുദ്ധിമുട്ടിലായി. തുടർന്നാണ് പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ രംഗത്തെത്തിയത്. ജില്ലാ ലേബർ ഓഫീസറുടെ ചേംബറിൽ ജില്ലാ കളക്ടറുടെ ഓഫീസ്, ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥർ, ആരോഗ്യ ഇൻഷുറൻസ് സംസ്ഥാന ഏജൻസിയായ ചിയാഗിന്റെ സംസ്ഥാന കോഓർഡിനേറ്റർ അശോക് കുമാർ എന്നിവരുമായി ചർച്ച നടത്തി. തുടർന്ന് മുൻകൂട്ടി തീരുമാനിച്ച പ്രകാരം ഇന്നും നാളെയും പാറ വികലാംഗ മന്ദിരത്തിലും ഉരിയരിക്കുന്ന് അംഗൻവാടിയിലും ക്യാമ്പുകൾ നടത്താൻ തീരുമാനിച്ചു.
ജൂലായ് 25 മുതൽ 30 വരെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും തുടർ ക്യാമ്പുകൾ നടത്തും. തൊടുപുഴ താലൂക്കിൽ ആരോഗ്യ ഇൻഷുറൻസിന്റെ പരിരക്ഷ ലഭിക്കുന്ന കാരിക്കോട് ജില്ലാ ആശുപത്രി, മണക്കാട് സഹകരണ ആശുപത്രി, ഏഴല്ലൂർ അൽ- അസ്ഹർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സ്ഥിരം കൗണ്ടറുകളും ഉടൻ തുറക്കാനും ധാരണയായി.
വൈസ് പ്രസിഡന്റ് ബീമ അസീസ്, ഭരണസമിതി അംഗങ്ങളായ ഷെമീന നാസർ, സിജു ഒ.പി, നിസാർ പഴേരി, അഡ്വ. കെ.എസ്. ബിനു, ജെയിംസ് വഴുതലക്കാട്ട്, ഉഷ രാജശേഖരൻ, കെ.ജി. സിന്ധുകുമാർ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.
അഞ്ച് ലക്ഷത്തിന്റെ ഇൻഷുറൻസ്
കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻഭവ പദ്ധതിയുമായി ചേർന്നുള്ള പുതിയ ആരോഗ്യ ഇൻഷുറൻസിൽ വർഷം അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. നേരത്തെ വർഷം 30000 രൂപയായിരുന്നു ചികിത്സാസഹായം. സർക്കാർ സ്ഥാപനമായ കോംപ്രിഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് ഏജൻസിയാണ് (ചിയാക്) ഇൻഷുറൻസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇൻഷുറൻസിന്റെ കരാർ റിലയൻസ് കമ്പനിക്കാണ്.
''ആരോഗ്യ ഇൻഷുറൻസ് കാർഡ് കേന്ദ്രസർക്കാരുമായി ചേർന്നുള്ള പദ്ധതിയാണ്. ചിയാകിനാണ് ഇതിന്റെ രജിസ്ട്രേഷൻ ചുമതല. ലേബർ ഓഫീസുമായി ഇതിന് ബന്ധമില്ല. പഞ്ചായത്ത് അധികൃതർ തെറ്റിദ്ധരിച്ചാണ് ഉപരോധം നടത്തിയത്. എങ്കിലും പദ്ധതിയുടെ അധികൃതരുമായി ബന്ധപ്പെട്ട് ചർച്ച നടത്തി പ്രശ്നം പരഹരിച്ചു."
- വി.കെ. നവാസ് (ലേബർ ഓഫീസർ)