നെടുങ്കണ്ടം: ചതുരംഗപ്പാറയിലെ പാറമടയിൽ നിന്നും ഡിറ്റനേറ്ററുകളും പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന വെടിക്കോപ്പുകളും മോഷണം പോയി. ചതുരംഗപ്പാറ എം.വി.എം ക്വാറിയിൽ നിന്നും 800 ജലാറ്റിൻ സ്റ്റിക്കുകളും 200
ഡിറ്റനേറ്ററുകളുമാണ് കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയിൽ മോഷണം പോയത്. . സ്‌ഫോടന വസ്തുവായതിനാൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ഗോഡൗണിന്റെ പൂട്ട് തകർത്താണ് ജലാറ്റിൻ സ്റ്റിക്കുകളും
ഡിറ്റനേറ്ററുകളും മോഷണം നടത്തിയിരിക്കുന്നത്. രാജകുമാരി സ്വദേശികളായ മൂന്നുപേരുടെ ഉടമസ്ഥതയിലുള്ളതാണ് പാറമട. മോഷണം അറിഞ്ഞ ഉടനെ ഉടമകൾ ഉടുമ്പൻചോല പൊലീസിൽ വിവരം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ്, ഫോറൻസിക് വിദഗ്ധർ, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എന്നിവ പരിശോധന നടത്തിതു. സംഭവം നടന്ന രാത്രി രണ്ടോടെ രണ്ട് ബൈക്കുകളിൽ നാലുപേരും തൊട്ടുപിറകിലായി ഒരു ജീപ്പും പാറമടയിൽ എത്തിയതായി ഒരു വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഇവ ഒരു മണിക്കൂറിന് ശേഷം മടങ്ങിപ്പോയതായും ദൃശ്യങ്ങളിലുണ്ട്. ഇത് പൊലീസും രഹസ്യാന്വേഷണ വിഭാഗവും പരിശോധിച്ചുവരികയാണ്. ഒരു മാസം 250 കിലോ ജലാറ്റിൻ സ്റ്റിക്കുകളും
അത്രയുംതന്നെ ഡിറ്റനേറ്ററുകളുമാണ് സർക്കാർ എം.വി.എം ക്വാറിക്ക് അനുവദിക്കുന്നത്. ഇവരണ്ടും ചേർത്ത് ഏകദേശം 2000 എണ്ണത്തോളം വരും. ഇവയിൽ നിന്നാണ് 800 സ്റ്റിക്കുകളും 200 ഡിറ്റനേറ്ററുകളും മറ്റ്
കേബിളുകളും നഷ്ടപ്പെട്ടിരിക്കുന്നത്.
അന്വേഷണം
ആരംഭിച്ചു
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ഇവ ഐ.എസ് ഭീകരർക്കോ മാവോയിസ്റ്റുകൾക്കോ ലഭിച്ചിരിക്കാമെന്നസംശയത്തെത്തുടർന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത് .ശ്രീലങ്കയിൽ ദേവാലയത്തിൽ നടന്ന സ്‌ഫോടനത്തിൽ ഉത്തരവാദികളായവർക്ക് കേരളത്തിൽ പരിശീലനം ലഭിച്ചതായുള്ള അറിവിനെത്തുടർന്ന് സ്‌ഫോടക വസ്തുക്കൾ നഷ്ടപ്പെട്ടത് സംബന്ധിച്ച അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.