രാജാക്കാട്: മൂന്നാറിൽ സവാരി നടത്തുന്ന ആട്ടോറിക്ഷകളിലേറെയും അനധികൃതമെന്ന് പൊലീസ്. പതിനായിരക്കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന മൂന്നാറിൽ അഞ്ഞൂറോളം ആട്ടോറിക്ഷകൾ അനധികൃത സർവീസ് നടത്തുന്നതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഡ്രൈവർമാരിൽ ഭൂരിഭാഗവും അനധികൃതമായി വിൽപ്പനയ്ക്ക് മദ്യം കടത്തിയ കേസിലടക്കം പ്രതികളാണ്. ഇവരിൽ പലർക്കും ലൈസൻസോ ആവശ്യമായ രേഖകളോ സ്റ്റാൻഡ് പെർമിറ്റോ ഇല്ലെന്ന് കണ്ടെത്തി. 2,000 ആട്ടോറിക്ഷകളുള്ളതിൽ പാതിയും കൃത്യമായ രേഖകൾ ഇല്ലാതെയാണ് സർവീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ എച്ച്. ദിനേശൻ, എസ്. രജേന്ദ്രൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ ട്രാഫിക് പരിഷ്‌കാരം നടപ്പിലാക്കാൻ ഡിവൈ.എസ്.പി രമേഷ്‌കുമാറിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി മേട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് പ്രശ്നക്കാരെ കണ്ടെത്തിയത്. പെരിയവര, മൂന്നാർ ടൗൺ, മാട്ടുപ്പെട്ടി സ്റ്റാന്റ്, പഴയമൂന്നാർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകൾക്ക് മേട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി.ആർ. റെജി, അസി. മേട്ടോർ വെഹിക്കിൾ ഓഫീസർമാരായ എം.ടി. റിച്ചാർഡ്, ഡാനി നൈറാൻ, പി.എസ്. മുജീബ് എന്നിവർ നേതൃത്വം നൽകി.