തൊടുപുഴ: ബാങ്ക് മോടിപിടിപ്പിച്ച വകയിലുള്ള പണത്തിന്റെ കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് കരാറുകാരനും ഭാര്യയും തൊടുപുഴ ശാഖയ്ക്ക് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. സ്വകാര്യ ബസ്റ്റാൻഡിന് സമീപം പാലാ റൂട്ടിലുള്ള ബാങ്കിനു മുമ്പിലാണ് കരാറുകാരനായ ആലുവാ സ്വദേശി അറയ്ക്കൽ ജോസും ഭാര്യ മേരിയും ഇന്നലെ സമരം നടത്തിയത്. സംഭവത്തിൽ ജോസ് പറയുന്നതിങ്ങനെ: ബാങ്കിന്റെ തൊടുപുഴ, ചെങ്ങന്നൂർ ശാഖകൾ തടി കൊണ്ട് മോടിപിടിപ്പിച്ച ഇനത്തിൽ എട്ടു ലക്ഷത്തോളം രൂപ ബാങ്ക് ജോസിന് നൽകാനുണ്ടായിരുന്നു. ഇതിൽ നാലു ലക്ഷത്തോളം രൂപ നൽകിയെങ്കിലും ബാക്കി തുകയായ 3,89,000 രൂപ ഇനിയും നൽകാനുണ്ട്. ഇതിനായി കഴിഞ്ഞ നാലര വർഷമായി ബാങ്കിന്റെ വിവിധ ഓഫീസുകളിൽ കയറിയിറങ്ങുന്നതല്ലാതെ പണം നൽകുന്നില്ല. ഓരോ തവണയും തരാമെന്ന് പറയുന്നതല്ലാതെ പണം നൽകാൻ ബാങ്ക് അധികൃതർ തയ്യാറാകുന്നില്ല. ബാങ്കിന്റെ ചെന്നൈ, ബാംഗ്ലൂർ, പാലാരിവട്ടം, തൊടുപുഴ ഓഫീസുകളിലായി നിരവധി തവണയായി കയറിയിറങ്ങിയിട്ടും പരിഹാരമുണ്ടായില്ല. രണ്ടു ദിവസങ്ങൾക്ക് മുമ്പും ജോസും ഭാര്യ മേരിയും പ്രതിഷേധവുമായെത്തിയിരുന്നു. തുടർന്ന് ബാങ്ക് അധികൃതർ പൊലീസിനെ വിളിച്ചു വരുത്തി ഇരുവരെയും ഇവിടെ നിന്ന് മാറ്റി. തുടർന്ന് ദമ്പതികൾ ഇന്നലെ വീണ്ടും ബാങ്കിന് മുമ്പിൽ പ്രതിഷേധവുമായെത്തുകയായിരുന്നു. രാവിലെ 10 മുതൽ ബാങ്കിന് മുന്നിൽ പ്രതിഷേധ സമരവുമായി കുത്തിയിരുന്ന ഇവരുടെ സമരം ഉച്ചകഴിഞ്ഞ് മൂന്നുവരെ നീണ്ടു. തുടർന്ന് തൊടുപുഴ ബാങ്ക് മാനേജരും ജോസും ഭാര്യയും ഉൾപ്പെടെയുള്ളവർ ഡിവൈ.എസ്.പി ഓഫീസിൽ നടത്തിയ ചർച്ചയിൽ അടുത്ത തിങ്കളാഴ്ച പണം നൽകാമെന്ന് ബാങ്ക് അധികൃതർ ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ നിയമനടപടികളിലുള്ള കാലതാമസമാണെന്നും ജോസിന്റെ മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബാങ്ക് അധികൃതർ പറഞ്ഞു.