തൊടുപുഴ: കലാനിലയത്തിന്റെ അത്ഭുത മാന്ത്രിക നാടകം കടമറ്റത്ത് കത്തനാർ നാളെ മുതൽ 29 വരെ തൊടുപുഴയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാരിയിൽ കലുങ്കിന് സമീപത്തുളള മൗര്യ ഗാർഡൻസ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വിശാലമായ ആഡിറ്റോറിയത്തിലാണ് നടത്തുക. പി ജെ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയർ പേഴ്സൺ ജെസ്സി ആന്റണി പങ്കെടുക്കും.

പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തൊടുപുഴയിൽ നാടകം എത്തുന്നത്.കാലഘട്ടത്തിനനുസരിച്ച് ഏറെ മാറ്റങ്ങളോടെ ആധുനിക ദൃശ്യ വിസ്മയ സജ്ജീകരണത്തോടെയാണ് നാടകം അവതരിപ്പിക്കുന്നത്.'സൽക്കലാ ദേവിതൻ.....' എന്ന പ്രശസ്തമായ അവതരണ ഗാനത്തോടെയാണ് നാടകം ആരംഭിക്കുന്നത്.1965 ൽ ആരംഭിച്ച കടമറ്റത്ത് കത്തനാർ കഴിഞ്ഞ 54 വർഷമായിട്ട് കലാ നിലയമാണ് വിവിധ സ്റ്റേജുകളിൽ അവതരിപ്പിച്ച് വരുന്നത്.ഇന്ത്യൻ നാടക വേദിയിൽ തന്നെ ആദ്യ സംഭവമാണിത്.ജഗതി എൻ കെ ആചാരി രചന നിർവ്വഹിച്ച് ഇന്ത്യൻ നാടക വേദിയിലെ പ്രശസ്തനായ കലാ നിലയം കൃഷ്ണൻ നായർ സംവീധാനം നിർവ്വഹിച്ച ഈ മാന്ത്രിക നാടകം പ്രേക്ഷക മനസ്സിൽ മായാതെ നിൽക്കുന്ന വിസ്മമയമാണ്.അഭിനേതാക്കളും മറ്റ് സാങ്കേതിക പ്രവർത്തകരുമായി നൂറിൽപരം കലാകാരൻമാർ ചേർന്ന് അണിയിച്ചൊരുക്കുന്ന ഈ നാടകത്തിൽ നിമിഷങ്ങൾ കൊണ്ട് മിന്നി മായുന്ന രംഗങ്ങൾ കാണികളെ അത്ഭുതപ്പെടുത്തും.കടമറ്റത്ത് പളളി,പനയന്നാർ കാവ്,കുഞ്ചമൻ മഠം,ഘോരവനങ്ങൾ തുടങ്ങിയ വിവിധ രംഗങ്ങൾ പുതിയ കാലഘട്ടത്തിനനുസരിച്ച് നൂതന സാങ്കേതിക വിദ്യകൾ ചേർത്ത് കൂടുതൽ മികവുറ്റതാക്കി.7000 അടി വിസ്തീർണ്ണമുളള സ്റ്റേജിൽ ത്രീഡി ടൈപ്പ് സെറ്റിംഗുകൾ ഉൾപ്പെടുത്തിയാണ് നാടകം അവതരിപ്പിക്കുന്നത്.300,200,100 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.രാവിലെ 10 മുതൽ മൗര്യ മൊണാർക്ക് ഹോട്ടലിലും മൗര്യ ഗാർഡൻസിലുളള കലാ നിലയം ഓഫീസിലും ടിക്കറ്റുകൾ റിസർവ്വ് ചെയ്യാവുന്നതാണ്.ദിവസവും വൈകിട്ട് 6 നും 9 നും രണ്ട് അവതരണമാണുളളത്.വാർത്താ സമ്മേളനത്തിൽ സംവീധായകൻ അനന്ത പത്മനാഭൻ,കോർഡിനേറ്റർമാരായ ജോയി ചങ്ങനാശ്ശേരി,സണ്ണി ചങ്ങനാശ്ശേരി,മാർക്കറ്റിംഗ് മാനേജർ ചിന്തു പ്രസാദ് എന്നിവർ പങ്കെടുത്തു.