മുട്ടം: ശങ്കരപ്പിള്ളിയിൽ പ്രവർത്തിക്കുന്ന മുട്ടം വില്ലേജ് ഓഫീസ്‌ പടിക്കൽ ബസ് സ്റ്റോപ്പ് അനുവദിച്ച് കളക്ടർ ഉത്തരവായി.വില്ലേജ് ഓഫീസ് പടിക്കൽ ബസ് സ്റ്റോപ്പ്‌ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസ് അധികൃതരും മുട്ടത്തെ വിവിധ സംഘടനകളും ആർ ടി ഒ, തൊടുപുഴ ജോയിന്റ് ആർ ടി ഒ തുടങ്ങിയ അധികാരികൾക്ക് നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. മുട്ടം പഞ്ചായത്തിന്റെ വിവിധ വാർഡ് സഭാ യോഗങ്ങളിലും ജനങ്ങൾ ഈ ആവശ്യം ഉന്നയിച്ചരുന്നു. ഇവിടെ ബസ് സ്റ്റോപ്പ്‌ ആവശ്യമാണെന്ന് തൊടുപുഴ ജോയിന്റ് ആർ ടി ഒ ഇടുക്കി ആർ ടി ഒ ക്ക് ശുപാർശയും നൽകിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള ഫയൽ തീരുമാനം ആകാതെ ഏറെ നാൾ ചുവപ്പ് നാടയിൽ കുരുങ്ങി കിടന്നു.കഴിഞ്ഞ ദിവസം നടന്ന ജില്ലാ ഗതാഗത ഉപദേശക സമിതിയിൽ പ്രശ്നം വന്നപ്പോൾ വില്ലേജ് ഓഫീസ് പടിക്കൽ ബസ് സ്റ്റോപ്പ്‌ അനുവദിക്കാൻ കളക്ടർ ആർ ടി ഒ ക്ക് ഉത്തരവ് നൽകുകയായിരുന്നു. ബസ് സ്റ്റോപ്പിനോട്‌ അനുബന്ധിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രവും ആവശ്യമാണെന്ന് ഗതാഗത ഉപദേശക സമിതി കണ്ടെത്തിയതിനെ തുടർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ മുട്ടം പഞ്ചായത്തിനെയും ചുമതലപ്പെടുത്തി.വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് വില്ലേജ് പടിയിൽ ബസുകൾ നിർത്താത്തത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. മുട്ടം ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ മാറി ശങ്കരപ്പിള്ളിയിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. മുട്ടത്തു നിന്നും വില്ലേജ് ഓഫീസിലേക്ക് എത്തേണ്ടവർ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ടിയിരുന്നു. വില്ലേജ് ഓഫീസിലെ ആവശ്യം കഴിഞ്ഞ് മുട്ടം ഭാഗത്തേക്ക് പോകേണ്ടവർ ബസ് നിർത്താത്തതിനാൽ മുട്ടം വരെ നടന്ന് പോകേണ്ട

അവസ്ഥയുമാണ് നിലനിന്നിരുന്നത്. മൂലമറ്റം ഭാഗത്ത്‌ നിന്നും വില്ലേജ് ഓഫീസിൽ എത്തുന്നവർക്കും ഇതേ അവസ്ഥത തന്നെയാണ് ഉണ്ടായിരുന്നത്.