തൊടുപുഴ: ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന്റെ ആവേശത്തിൽ ഒന്ന് ഫിറ്റായി, പിന്നെ സർവ്വത്രകുഴപ്പക്കാരനായി. ഇടുക്കി സ്വദേശിയായ മദ്യപനാണ് മുട്ടം ടൗണിൽ മദ്യപിച്ച് ഏറെ സീനുകൾ ഉണ്ടാക്കിയത്. റോഡരുകിൽനിന്ന് റോഡിന് നടുവിലേക്ക് ഇറങ്ങിയതോടെ ഗതാഗതക്കുരുക്കുമായി. ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ച് പറയുന്ന് കേട്ട് വഴിയാത്രക്കാർ ചിലർ അനുനയിപ്പിക്കാൻ എത്തിയപ്പോൾ താൻ ജയിലിൽനിന്ന് വരുന്ന വഴിയാണെന്ന് അഭിമാനത്തോടെ പറയാനും വിരുതൻ മറന്നില്ല. ഇതാ രേഖ എന്ന് ബോദ്ധ്യപ്പെടുത്തി ജയിലിൽനിന്നുള്ള റിലീസിംഗ് ഓർഡറും ഉയർത്തിക്കാട്ടി. ഗതാഗതക്കുരുക്കറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. സംഗതി പല കേസുകൾക്ക് വകുപ്പൊക്കെയുണ്ടെങ്കിലും ചൂടുവെള്ളത്തിൽവീണ പച്ചവെള്ളം കണ്ടാലും അറയ്ക്കുമെന്നപോലെ പൊലീസ് മടിച്ച് നിന്നു. പൊലീസ് ഇപ്പോൾ പിടിച്ച് ജീപ്പിലിട്ട് കൊണ്ട്പോകുമെന്ന് കരുതിയവരെ നിരാശപ്പെടുത്തി സ്നേഹത്തോടെയാണ് സംസാരിച്ചത്. നെടുങ്കണ്ടം പൊലീസല്ല തങ്ങളെന്ന് നാട്ടുകാരെ ബോദ്ധ്യപ്പെടുത്താനുള്ള സുവർണ്ണാവസരം പൊലീസ് പാഴാക്കിയില്ല. അനുനയ വാക്കുകൾ പറഞ്ഞ് റോഡിന് നടുവിൽനിന്ന് സൈഡിലെത്തിച്ചു, കെട്ട് മാറാൻ സമീപത്തെ കടയിൽനിന്ന് കുപ്പിവെള്ളം വാങ്ങിക്കൊടുത്തു. അമ്മമാർ മക്കളെക്കൊണ്ട് ആഹാരവും വെള്ളവുമൊക്കെ കഴിപ്പിക്കുന്നത്പോലെ സമീപത്ത് നിന്ന് പ്രോൽസാഹിപ്പിച്ച് വെള്ളം ആവശ്യത്തിന് കുടിപ്പിച്ചു. മിച്ചംവന്ന വെള്ളംകൊണ്ട് മുഖം കഴുകിപ്പിച്ചു. . പിന്നീട് അതുവഴി ഹൈറേഞ്ചിലേക്കുള്ള ബസിൽ കയറ്റി കണ്ടക്ടറോട് ഇറങ്ങേണ്ട സ്റ്റോപ്പ് പറഞ്ഞ്കൊടുത്തുംആളെ ഒന്ന് ശ്രദ്ധിക്കണമെന്നും നിർദേശിച്ചാണ് പൊലീസ് മദ്യപാനിെയെ യാത്രയാക്കിയത്.