രാജാക്കാട് : മൂന്നാർ ബസ് സ്ന്റിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. അറുപത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് യാത്രക്കാർക്ക് വിശ്രമിക്കുന്നതിനായി ഒരുക്കിയുട്ടുള്ള കസേരകളിലൊന്നിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് എത്തിയ യാത്രക്കാർ കസേരയിൽ കിടക്കുന്ന നിലയിൽ വൃദ്ധനെ കണ്ടു. ഏറെനേരം കഴിഞ്ഞിട്ടും അനക്കമൊന്നും കാണാതിരുന്നതിനെ തുടർന്ന് യാത്രക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. ആംബുലൻസുമായി എത്തിയ പൊലീസ് ആശുപത്രിയിൽ ആളെ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർ പറഞ്ഞു. സ്ഥലത്ത് മുൻപ് കണ്ടിട്ടില്ലാത്ത ആളാണെന്ന് നാട്ടുകാർ പറയുന്നു. പാന്റ്സ് ആണ് ധരിച്ചിരിക്കുന്നത്. ശരീരീത്തിൽ ഷർട്ട് ഉണ്ടായിരുന്നില്ല. മൃതദേഹത്തിൽ നിന്നും ഒരു മൊബൈൽ ഫോൺ പൊലീസിന് ലഭിച്ചുവെങ്കിലും അതിൽ സിം ഉണ്ടായിരുന്നില്ല. ഫോൺ സൈബർ പരിശോധനയ്ക്ക് അയച്ച് വിവരങ്ങൾ ശേഖരിക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇൻക്വസ്റ്റ് നടത്തി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.