രാജാക്കാട്: സ്വകാര്യ ക്രഷറിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കടത്തിയത് തമിഴ് നാട്ടിലേക്കോ ? പൊലീസ് ഇപ്പോൾ ആവഴിക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഉടുമ്പൻചോലയ്ക്ക് സമീപംചതുരംഗപ്പാറ എം.ബി.എം ക്രഷറിന്റെ ഗോഡൗണിൽ നിന്നും ജലാറ്റിൻ സ്റ്റിക്കുകൾ, ഇലക്ക്ട്രിക്ക് ഡിറ്റോണേറ്ററുകൾ, സാധാരണ ഡിറ്റോണേറ്ററുകൾ തുടങ്ങിയവയാണ് കഴിഞ്ഞ ദിവസം കാണാതായത്. സാധാരണ പണത്തിനോ രേഖകൾ അപഹരിക്കുന്നതിനോ നടത്തുന്ന മോഷണങ്ങളിൽനിന്ന് വ്യത്യസ്ഥമായി വളരെ ആസൂത്രിതമായി സ്ഫോടക വസ്തുക്കൾ കടത്തിയതിനാൽ ഇതിന് പിന്നിൽ ഗൂഡലക്ഷളമുണ്ടെന്നാണ് പൊലീസ് പ്രാഥമികമായി വിലയിരുത്തിയത്. സംഭവദിവസം പുലർച്ചെ ക്രഷറിൽ എത്തിയ ജീപ്പും ബൈക്കുകളും സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ക്രഷർ സ്ഥിതിചെയ്യുന്ന പ്രദേശത്തുനിന്നും ഒന്നിലേറെ വഴികൾ തമിഴ്നാട്ടിലേക്കുണ്ട്.സ്‌ഫോടകവസ്തുക്കൾ മാവോയിസ്റ്റുകൾ ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളിൽ എത്തിപ്പെടാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. 2020 ജൂലായ് വരെ ക്രഷറിന് പ്രവർത്തനാനുമതിയുണ്ട്. പാറമടയ്ക്ക് സമീപത്ത് സ്ഥിതിചെയ്യുന്ന ഗോഡൗണിൽ ശനിയാഴ്ച്ചയാണ് വെടിക്കോപ്പുകൾ എത്തിച്ചത്. കെട്ടിടത്തിന്ന് പ്രത്യേക കാവലോ നിരീക്ഷണ ക്യാമറ സംവിധാനമൊ ഇല്ല. കഴിഞ്ഞ ദിവസം സാധനങ്ങൾ എടുക്കാൻ ചെന്നപ്പോൾ കെട്ടിടത്തിന്റെ കതകിന്റെ പൂട്ട് തകർന്ന് കിടക്കുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആയിരം ഡിറ്റോണേറ്ററുകളും, 800 ജലാറ്റിൻ സ്റ്റിക്കുകളും ഉൾപ്പെടെ മുപ്പതിനായിരം രൂപ വിലവരുന്ന സ്‌ഫോടക വസ്തുക്കളാണ് കാണാതായിരിക്കുന്നതെന്നാണ് ഉടമ പൊലീസിൽ പരാതിപ്പെട്ടിട്ടുള്ളത്. സംഭവദിവസം പുലർച്ചെ രണ്ട് ബൈക്കുകളിലായി നാല് പേരും ഒരു ജീപ്പും പാറമടയിൽ എത്തിയതിന്റെ ദൃശ്യം സമീപത്തെ വീട്ടിലെ സി.സി.ടി.വിയിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയിൽ രണ്ട് പേർ ബൂട്ട് ധരിച്ച് നടന്നതിന്റെ പാടുകളും, തമിഴ്നാട് വനമേഖലയിൽനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കടലാസ് കഷണങ്ങളും കണ്ടെത്തിയിരുന്നു.

മാവോയിസ്റ്റ് സാദ്ധ്യത

മുൻപ് പ്രദേശത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നതിലാണ് മോഷണത്തിൽ തീവ്രവാദികളുടെ പങ്ക് സംശയിക്കുന്നത്. 2015 ഡിസംബറിൽ പശ്ചിമ ബംഗാൾ മിഡ്നാപ്പൂർ ജില്ലക്കാരനായ സിദ്ധാർത്ഥ് മുണ്ടൽ എന്ന മാവോയിസ്റ്റ് നേതാവ് പാമ്പാടുംപാറയിൽ നിന്നും അറസ്റ്റിലായിരുന്നു. പിടിയിലാകും മുൻപ് ഇയാൾ ശാന്തൻപാറ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പൊത്തക്കള്ളിപ്പാറയിൽ ഒരു ഏലത്തോട്ടത്തിൽ മാസങ്ങളോളം മറ്റ് തൊഴിലാളികൾക്കൊപ്പം വേഷ പ്രച്ഛന്നനായി കഴിഞ്ഞിരുന്നു. 2010 ൽ മാവോയിസ്റ്റ് ബന്ധമുള്ള ശ്രീലങ്കൻ തീവ്രവാദി സദാരത്തിനം നെടുങ്കണ്ടം പൊലീസിന്റെ പിടിയിലാകുകയുണ്ടായി.

നഷ്ടമായത് ലക്ഷങ്ങളുടെ

സാമഗ്രികൾ?

തമിഴ്നാട്ടിൽ എത്തിച്ച് വിൽക്കുന്നതിനായി നടത്തിയ മോഷമാകനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. രണ്ടോ മൂന്നോ പേർ ചേർന്ന് തലച്ചുമടായി അതിർത്തി കടത്തിയ ശേഷം തരക്കേടില്ലാത്ത വിലയ്ക്ക് വിറ്റിരിക്കാനും സാദ്ധ്യതയുണ്ടെന്ന് പൊലീസ് കരുതുന്നു. ഒരു ക്വിന്റലോളം സാമഗ്രികളാണ് യഥാർത്ഥത്തിൽ കാണാതായിരിക്കുന്നതെന്നും ഇവയ്ക്ക് ലക്ഷങ്ങൾ വിലവരുമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അന്വേഷണത്തിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഉടുമ്പൻചോല സി.ഐ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്