കാഞ്ഞാർ: ന്യൂജെൻ ബൈക്കിൽ അമിത വേഗതയിൽപാഞ്ഞ യുവാവിനെ പൊലീസ് പൊക്കി. ഇന്നലെ വൈകിട്ട് 5 ന് കാഞ്ഞാർ ടൗണിലൂടെ ബൈക്കോടിച്ച യുവാവ് ബൈക്ക് ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് അലക്ഷ്യമായി ഓടിച്ച് കയറ്റി. അതിനു മുമ്പ് മറെറാരു ബൈക്കിൽ ഇടിക്കേണ്ടത് ബൈക്ക് യാത്രക്കാരന്റെ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു.ബൈക്കിന്റെ വരവ്കണ്ട് വഴിയാത്രക്കാർ പ്രാണനുംകൊണ്ട് ഓടി രക്ഷപ്പെട്ടു. വീണ്ടും മറ്റ് വാഹനങ്ങൾക്ക് ഭീഷണിയായപ്പോൾ നാട്ടുകാർ ബൈക്ക് തടഞ്ഞ് വെച്ച് പൊലീസിൽ വിവരമറിയിച്ചു.കാഞ്ഞാർ എസ് ഐ ഹരികുമാറിന്റെ നേതൃത്വത്തിൽ ബൈക്ക് കസ്റ്റഡിയിലെടുത്തു.കാഞ്ഞാർ ഞരളം പുഴ സ്വദേശി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.