നെടുങ്കണ്ടം: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിലെ ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റീസ് നാരായണക്കുറുപ്പ് തെളിവ് ശേഖരിക്കലുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം സ്റ്റേഷൻ മുറ്റത്തേക്ക് എത്തിയതോടെ മാദ്ധ്യമപ്രവർത്തകർ ചോദ്യങ്ങളുമായെത്തി. രാജ് കുമാറിന്റെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് പ്രതികരിച്ച ശേഷം നേരെ എസ്‌ഐയുടെ ക്യാബിനിലേയ്ക്ക്. .എസ് ഐ യുടെ ഓഫീസിൽ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അദ്ദേഹം പരിശോധിച്ചു.പൊലീസ് ഉദ്യോഗസ്ഥരോട് വിവിധ രേഖകളുടെ വിശദാംശങ്ങളും തേടി. തുടർന്ന് നേരെ മൂന്നാംമുറ നടന്ന ഒന്നാംനിലയിലെ വിശ്രമമുറിയിലേക്ക് പോയി.വിശ്രമ മുറിയിൽ എത്തിയ അദ്ദേഹം വിശദമായി റൂമിന് ഉൾവശം പരിശോധിച്ചു.തുടർന്ന് രാജ്കുമാറിനെ ഉരുട്ടിയതായി പറയുന്ന റൂമിലെത്തി.ഇവിടുണ്ടായിരുന്ന ബെഞ്ച്,കസേര,സ്റ്റൂൾ ഇവിടെ ഉണ്ടായിരുന്ന ഒരു ഡ്രങ്ക് പെട്ടി എന്നിവ അദ്ദേഹം പരിശോധിച്ചു.തുടർന്ന് ശുചിമുറി,സെൽ,പൊലീസ് സ്റ്റേഷനിലെ സി സി ടി വി ക്യാമറ തുടങ്ങിയവ പരിശോധിച്ചു.സ്റ്റേഷൻ ചാർജുള്ള പൊലീസുകാരെ വിളിച്ചുവരുത്തി രാജ്കുമാറിനെ കൊണ്ടുവന്ന ദിവസം മുതലുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മാദ്ധ്യമ പ്രവർത്തകരെ വീണ്ടും കണ്ടു.സംഭവങ്ങളുടെ പ്രധാന തെളിവ് സ്റ്റേഷനിലെ സിസിടിവി ക്യാമറയാണ്.അത് ക്രൈംബ്രാഞ്ച് സീൽ ചെയ്തു കൊണ്ടു പോയിട്ടുണ്ടെന്നാണ് പൊലീസിൽ നിന്നും അറിഞ്ഞത്.അതിന്റെ ഹാർഡ് ഡിസ്‌ക് പരിശോധിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.ക്രൈം ബ്രാഞ്ചിൽ നിന്നും ഹാർഡ് ഡിസ്‌ക് വരുത്തി പരിശോധിക്കുമെന്ന് ജുഡീഷ്യൽ കമ്മീഷൻ പറഞ്ഞു. ജുഡീഷ്യൽ കമ്മീഷൻ ക്യാമ്പ് എറണാകുളത്തായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് രാജ് കുമാറിന് ചികിത്സ നൽകിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും തെളിവെടുത്തു.