ചെറുതോണി: പ്രളയത്തിൽ ട്രാൻസ്ഫോർമർ ഒഴുകിപ്പോയി, ഒരു വർഷമായിട്ടും പ്രശ്നപരിഹാരമായില്ല. കഴിഞ്ഞ പ്രളയത്തിൽ ചെറുതാണിയിൽ കുത്തൊഴുക്കിൽ ഒലിച്ച്പോയതിൽ ചെറുതോണി ടൗണിൽ സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമറും ഉൾപ്പെടും. പ്രളയത്തിന്റെ നഷ്ടപ്പട്ടികയിൽ ഇടം നേടിയതല്ലാതെ ഇക്കാര്യത്തിൽ ഒരു പുനർ നടപടിയും ഉണ്ടായില്ല. നഗരത്തിലെ വാൾട്ടേജ് ക്ഷാമത്തെത്തുടർന്ന് നാട്ടുകാരും വ്യാപാരികളും സമരം ചെയ്ത് നേടിയതായിരുന്നു ട്രാൻസ് ഫോർമർ. ചെറുതോണിയിലും പരിസരപ്രദേശങ്ങളിലും പുതിയ വൈദ്യുത കണക്ഷനുകൾ ഏറെ ഉണ്ടായപ്പോഴും ഇവ വേണ്ടുംവിധം വിതരണം ചെയ്യുന്നതിനുള്ള ട്രാൻസ്ഫോർമറിന്റെ കാര്യത്തിൽ കെ. എസ്. ഇ. ബി നടപടികളൊന്നും എടുത്തിരുന്നില്ല. നാട്ടുകാരും വ്യാപാരികളും നിരന്തരമായി സമരം നടത്തി നേടിയ ട്രാൻസ്ഫോർമർ പ്രളയത്തിൽ ഒലിച്ച്പോവുക എന്ന ഒട്ടും കരുതാത്ത കാര്യമാണ് നടന്നത്. പ്രളയത്തിന്റെ വാർത്തകളിൽ ഏറെ ശ്രദ്ധിക്കപ്പെട ട്രാൻസ് ഫോർമറിന്റെ അപ്രത്യക്ഷമാകൽ ഉടൻ പരിഹരിക്കുമെന്നാണ് നാട്ടുകാർ കരുതിയത്. ഇപ്പോൾ വോൾട്ടേജ് ക്ഷാമം വലിയ പ്രതിസന്ധിയാണ് വ്യാപാരികൾക്കും നാട്ടുകാർക്കും വരുത്തിവച്ചിരിക്കുന്നത്. ഇപ്പോൾ വൈകുന്നേരങ്ങളിൽ കടകളിലെ ട്യൂബുകൾ കത്താതെയും കംമ്പ്യൂട്ടറുകൾ പ്രവർത്തനക്ഷമമല്ലാതാകുകയും ചെയ്യുന്നത് പതിവാണ്. ബൾബുകൾ തെളിഞ്ഞാലും വെളിച്ചം കുറവാണ്.

ടൗണിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടം ജനറൽ സെക്രട്ടറി ബാബു ജോസഫ് എന്നിവർ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി .

ഉമ്മൻ ചാണ്ടി കോളനിയിൽ

മിന്നാമിനുങ്ങിന്റെ വെട്ടം

ചെറുതോണി : ഉമ്മൻ ചാണ്ടി കോളനി യിലെ വൈദ്യുത പ്രശ്നം പരിഹരിക്കാൻ ട്രാൻസ്ഫോർമർ സ്ഥാപിച്ചെങ്കിലും കണക്ഷൻ നൽകിയില്ല, വൈദ്യുതി വിതരണം പഴയപടിതന്നെ. വൈദ്യുതി ഉണ്ടെന്ന പേരേയുള്ളു. വൈകിട്ട് 6 മുതൽ രാത്രി പത്തര വരെ വോൾട്ടേജ് വളരെ കുറവാണ്. കുട്ടികളുടെ പഠനം ഉൾപ്പെടെ ഇതുമൂലം മുടങ്ങുന്നതായി പ്രദേശവാസികൾ പറയുന്നു.മുന്നൂറോളം ആദിവാസി കുടുംബങ്ങൾ അധിവസിക്കുന്ന ഉമ്മൻ ചാണ്ടി കോളനി ഉൾപ്പെടുന്ന മഴു വടിയിലെ ആയിരത്തോളം കുടുംബങ്ങളാണ് വോൾട്ടേജ് ക്ഷാമത്തിൽ വലയുന്നത്. വൈദ്യുതീകരിച്ച വീടുകളായതിനാൽ അരലിറ്റർ മണ്ണെണ്ണമാത്രമേ റേഷൻ കടകൾ വഴി ലഭിക്കൂ.ഇതോടെ ആദിവാസികൾ ഉൾപ്പടെയുള്ളവർ പല ദിവസങ്ങളിലും ഇരുട്ടിലാണ്.