തൊടുപുഴ : മോഷണക്കേസിൽ പൊമ്പളൈ ഒരുമൈ നേതാവ് ഗോമതിയുടെ മകൻ ദേവികുളം എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ താമസിക്കുന്ന വസന്ത് അഗസ്റ്റ്യനെ(21) പൊലീസ് അറസ്റ്റ് ചെയ്തു. സമീപത്തെ വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകടന്ന വസന്ത് അലമാരയിൽ സൂക്ഷിച്ചിരുന്നരണ്ടായിരം രൂപയും എടിഎം കാർഡും മോഷ്ടിക്കുകയായിരുന്നു. കൈവശപ്പെടുത്തിയ എടിഎം കാർഡ് ഉപയോഗിച്ച് ദേവികുളത്ത് പ്രവർത്തിക്കുന്ന ബാങ്കിൽനിന്ന് നാനൂറ് രൂപയും പിൻവലിച്ചു. ദേവികുളം മേഖലയിൽ അടുത്തിടെ നടന്ന ചെറിയ മോഷണങ്ങളുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിയുടെ നിർദേശപ്രകാരം വസന്തിനെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ദേവികുളം എസ്‌ഐ കെ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ എഎസ്‌ഐ നജീബ്, ജോയ് ജോസഫ്, സിപിഒ ലാൽസൺ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.