തൊടുപുഴ: പട്ടയം കലയിൽ കാർ അപകടത്തിൽപെട്ട് കൊച്ചു കുട്ടിയടക്കം ആറുപേർക്ക് പരിക്ക്. ശനിയാഴ്ച്ച അഞ്ചുമണിയോടെ കരിമണ്ണൂർ ഭാഗത്തുനിന്നും അമിതവേഗതയിലെത്തിയ കാർ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് ബൈക്ക് യാത്രികരായ പശ്ചിമ ബംഗാൾ സ്വദേശി അസിം ബോക്സ് (28) ഭാര്യ ജയനബ(22) മകൻ ആരിഫുദീൻ സാരംഗ്(4) എന്നിവർ റോഡിൽ തെറിച്ചുവീണു. തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ച് മുന്നോട്ട് നീങ്ങിയ കാർ എതിരെ വന്ന കാറിലിടിച്ച് റോഡിൽ വട്ടം മറിഞ്ഞു. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റ് റോഡിൽ കിടന്നവരെയും സംഘത്തിന്റെ വാഹനത്തിലുണ്ടായിരുന്നവരെയും ആശുപത്രിയിലെത്തികുകയായിരുന്നു. അപകടം നടന്നതോടെ മണിക്കൂറുകളോളം പട്ടയംകവല മുതൽ ഇരുവശത്തും ഗതാഗതം തടസപ്പെട്ടു. കാറിലണ്ടായിരുന്ന മൂവരും മദ്യ ലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ പെട്ട കാറിൽ നിന്ന് പൊലീസ് മദ്യക്കുപ്പികൾ കണ്ടെടുത്തു.