രാജാക്കാട്: ശാന്തമ്പാറ സർവീസ് സഹകരണ ബാങ്ക് പൂപ്പാറയിൽ നിർമ്മാണം പൂർത്തിയാക്കിയ ബഹുനില മന്ദിര സമുച്ചയത്തിന്റെയും ഈസ്റ്റ് മൂന്നാർ റിസോർട്ടിന്റെയും നീതി മെഡിക്കൽ സ്റ്റോറിന്റെയും മെഡിക്കൽ ലാബിന്റെയും ഉദ്ഘാടനവും കെയർ ഹോം പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽദാനവും നാളെ രാവിലെ 11 ന് മന്ത്രി എം.എം മണി നിർവഹിക്കും. എം.ജി സർവകലാശാലയിൽ നിന്ന് റാങ്ക് ലഭിച്ചവരെയും ബാങ്ക് അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ ആദരിക്കും. ബാങ്ക് പ്രസിഡന്റ് ശാന്ത ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സേനാപതി ശശി സ്വാഗതം ആശംസിക്കും. സെക്രട്ടറി കെ.ജെ. ടോമിച്ചൻ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് മുഖ്യപ്രഭാഷണം നടത്തും. കെ.കെ ജയചന്ദ്രൻ, കെ.കെ. ശിവരാമൻ, പി.എൻ. വിജയൻ, അഡ്വ. ഇ.എം. ആഗസ്തി, ജിഷ ദിലീപ്, പി.ടി. മുരുകൻ, പി.കെ. ബേബി, പി. പാൽരാജ് എന്നിവർ പ്രസംഗിക്കുമെന്ന് ശാന്ത ചന്ദ്രൻ, കെ.ജെ. ടോമിച്ചൻ, സേനാപതി ശശി, പി.കെ. ബേബി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.