വണ്ടിപ്പെരിയാർ: വിവാഹ സത്കാരം നടക്കുന്നതിടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ രണ്ടാം നിലയിൽ വൻ തീപിടുത്തം. വധുവും വരനും ഉൾപ്പെടെ നൂറോളം പേർ ഈ സമയം ഹാളിൽ ഉണ്ടായിരുന്നെങ്കിലും പുകപടലങ്ങൾ ഉയർന്നപ്പോൾ തന്നെ പുറത്തേക്ക് ഇറങ്ങിയതിനാൽ ആർക്കും ആളപായമില്ല. ഇന്നലെ ഉച്ചയ്ക്കു ഒന്നരയോടെ പഞ്ചായത്ത് മിനി സ്റ്റേഡിയത്തോട് ചേർന്ന് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലെ രണ്ടാം നിലയിലാണ് അഗ്നിബാധ ഉണ്ടായത്. കറുത്ത പുക ഉയരുന്നത് കണ്ട് അയൽവാസിയായ വീട്ടമ്മയാണ് ആദ്യം ഹാളിന്റെ മേൽനോട്ടകാരെ വിവരം അറിയിച്ചത്. അവരെത്തുമ്പോഴേക്കും തീ ആളിപടർന്നിരുന്നു. കമ്യൂണിറ്റി ഹാളിൽ നിന്ന് സെൻട്രൽ ജംഗ്ഷൻ വരെ ഒരു കിലോമീറ്ററോളം ടൗൺ മുഴുവൻ കനത്ത പുക കൊണ്ട് മൂടി. അഗ്നി ബാധയുണ്ടായ ഉടൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ഹരിതസേനാംഗങ്ങൾ കഴിഞ്ഞ എട്ടു മാസത്തോളമായി ശേഖരിക്കുന്ന പ്ലാസ്റ്റിക് കവറുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിനുള്ളിലാണ് അഗ്നിബാധയുണ്ടായത്. ഗോഡൗണിനോട് ചേർന്ന ഹാളിലും താഴെയുള്ള നിലയിലുമായിട്ടായിരുന്നു വിവാഹ സത്കാരം. കനത്ത പുക ഉയർന്നതോടെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവർ പുറത്തേക്കിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. പീരുമേട് ഫയർ സ്റ്റേഷൻ ഓഫീസർ ജോണിച്ചന്റെ നേതൃത്വത്തിൽ പീരുമേട്, കട്ടപ്പന എന്നിവിടങ്ങളിൽ നിന്നെത്തിയ നാല് യൂണിറ്റ് അഗ്നിശമനസേനക്കാർ നാലു മണിക്കൂറോളം നടത്തിയ പരിശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും നാട്ടുകാരും പ്രദേശവാസികളും പൊതു പ്രവർത്തകരും പഞ്ചായത്തംഗങ്ങളും തീയണക്കാൻ സഹായിച്ചു. പ്ലാസ്റ്റിക് കത്തിയ പുക കൊണ്ട് ഹാളിലുണ്ടായിരുന്ന ചിലർക്ക് ശ്വാസതടസം ഉണ്ടായി. തീയുടെ ചൂട് മൂലം വണ്ടിപ്പെരിയാർ സഹകരണ ബാങ്കിന്റെ കുടിവെള്ള ടാങ്കും കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭിത്തിയും തകർന്നു വീണു. മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്പോർട്സ് കിറ്റ്, കട്ടിലുകൾ തുടങ്ങിയവയും കത്തിനശിച്ചു. ഹാളിനുള്ളിൽ വൈദ്യുതീകരണം നടത്താത്തതിനാൽ അപകട കാരണം വ്യക്തമല്ല. നാലര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് ഫയർഫോഴ്സ് അറിയിച്ചു.