തൊടുപുഴ: ഹരിതകേരളം വിഭാവനം ചെയ്യുന്ന സമഗ്ര ശുചിത്വ മാലിന്യ പരിപാലനത്തിന്റെ വഴികാട്ടികളായി ജില്ലയിലെ 19 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കണ്ടെത്തി. ജില്ലാ കളക്ടറേറ്റ് കോൺഫ്രറൻസ് ഹാളിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള സമഗ്രമായ പ്രവർത്തന കലണ്ടർ തയ്യാറാക്കി. ഒമ്പത് പഞ്ചായത്തുകളെ ഒക്ടോബർ 31നകവും ബാക്കിയുള്ളവയെ മാർച്ച് 31നകവും മികച്ച മാതൃകകളായി വളർത്തിയെടുക്കാനാണ് ലക്ഷ്യം. ശിൽപ്പശാലയുടെ ഉദ്ഘാടനം സംസ്ഥാന ഹരിത കേരളം പ്രോജക്ട് കൺസൾട്ടന്റ് എൻ. ജഗജീവൻ നിർവഹിച്ചു. ഹരിതകേരളം ജില്ലാ- കോർഡിനേറ്റർ ഡോ. ജി.എസ്. മധു, ശുചിത്വമിഷൻ കോർഡിനേറ്റർ സാജു സെബാസ്റ്റ്യൻ, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ അജേഷ്, ജില്ലാ പ്ലാനിംഗ് ഓഫിസർ കെ.കെ. ഷീല, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ പ്രദീഷ് എന്നിവർ പങ്കെടുത്തു. ഉടുമ്പന്നൂർ, പുറപ്പുഴ, കോടിക്കുളം, കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റുമാരും ശിൽപ്പശാലയിൽ പങ്കെടുത്തു.
തിരഞ്ഞെടുത്ത തദ്ദേശസ്ഥാപനങ്ങൾ
ആലക്കോട്, കരിമണ്ണൂർ, കോടിക്കുളം, കുടയത്തൂർ, ഉടുമ്പന്നൂർ, വണ്ണപ്പുറം, വെള്ളിയാമറ്റം, കുമാരമംഗലം, പുറപ്പുഴ, മണക്കാട്, മരിയാപുരം, കുമളി, അടിമാലി, ശാന്തമ്പാറ, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, ചക്കുപള്ളം, കട്ടപ്പന നഗരസഭ
ഇവ സജ്ജമാക്കും
എല്ലാ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം
പൊതു ജൈവ മാലിന്യ സംസ്‌കരണ സംവിധാനം
അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിതകർമ്മ സേന
മാലിന്യ സംഭരണത്തിനും കൈയ്യൊഴിയുന്നതിനും ക്രമീകരണം
ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കൽ
ചട്ടലംഘനങ്ങൾക്കെതിരെയുള്ള നിയമനടപടികൾ
ഇങ്ങനെയാകുക ലക്ഷ്യം
മാലിന്യ രഹിതമായ പൊതുനിരത്തുകൾ
ഉപയോഗക്ഷമമായ പൊതുജലാശയങ്ങൾ
മാലിന്യവും പാഴ്‌വസ്തുക്കളും കത്തിക്കാത്ത പ്രദേശം
പുനചംക്രമണം ചെയ്യാനാകാത്തവ ഉപയോഗിക്കാത്ത പ്രദേശം
ജൈവ കൃഷി വ്യാപകമാക്കൽ
മലിനജലം ഒഴുക്കാത്ത പ്രദേശം
വെളിയിട വിസർജ്ജന രഹിത പ്രദേശം