തൊടുപുഴ: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകന് കുത്തേറ്റതിന്റെ വീഡിയോ രംഗങ്ങൾ വാട്സാപ്പ് സ്റ്റാറ്റസാക്കിയ ന്യൂമാൻ കോളേജ് ഒന്നാം വർഷ വിരുദ വിദ്യാർത്ഥി ആൽബർട്ട് കുന്നപ്പള്ളിയെ കൊലപ്പെടുത്തുമെന്നും കോളേജിൽ പഠിക്കാൻ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കിയ എസ്.എഫ്.ഐ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യണമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ആവശ്യപ്പെട്ടു. എസ്.എഫ്.ഐ ജില്ലാ സമ്മേളന ഹാളിൽ നിന്ന് വിദ്യാർത്ഥിയെ വിളിച്ച് ഭീഷണി മുഴക്കിയത് മുതിർന്ന നേതാക്കളുടെ അറിവോടെയാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകണം. കട്ടപ്പന ഐ.ടി.ഐയിൽ അദ്ധ്യാപകന് കുടിവെള്ളം വാങ്ങിവന്ന എസ്.എഫ്.ഐ പ്രവർത്തകൻ കൂടിയായ വിദ്യാർത്ഥി അനന്ദുവിനെ മർദ്ദിക്കുകയും രംഗങ്ങൾ ടിക് ടോക്ക് വീഡിയോയാക്കി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത് എസ്.എഫ് ഐയുടെ ഉന്നത നേതാക്കന്മാരാണ്. രേഖാമൂലം പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്ത പൊലീസ് നടപടി പ്രതിഷേധാർഹമാണ്. പരിഷ്‌കൃത സമൂഹത്തിനാകെ അപമാനമായി മാറിയ എസ്.എഫ്.ഐ പിരിച്ചുവിടണമെന്നും ടോണി പറഞ്ഞു.