തൊടുപുഴ: പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി യൂറോപ്യൻ മലയാളികളുടെ സോഷ്യൽമീഡിയ ഗ്രൂപ്പ്. സ്വിറ്റ്സർലണ്ടിലെ വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട്സ് എന്ന സോഷ്യൽ മീഡിയ ഗ്രൂപ് അംഗങ്ങളാണ് ഉടുമ്പന്നൂർ മലയിഞ്ചി പുളിക്കകണ്ടത്തിൽ തോമസ് ഉലഹന്നാന് വീട് നിർമ്മിച്ച് നൽകുന്നത്. കുടുംബത്തിന് വേണ്ടി 'ഹലോ ഫ്രണ്ട്സ് " കൂട്ടായ്മ തൊടുപുഴ ഉടുമ്പന്നൂർ റോഡിൽ പള്ളിക്കാമുറി ജംഗ്ഷനിൽ നിന്ന് 800 മീറ്റർ മാറിയുള്ള അഞ്ചു സെന്റ് സ്ഥലം വാങ്ങി വീട് വയ്ക്കുകയായിരുന്നു. നിർമ്മാണം പൂർത്തിയായ വീടിന്റെ താക്കോൽദാനം ഇന്ന് രാവിലെ 10ന് പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും. 'ഹലോ ഫ്രണ്ട്സ്" ഗവേണിംഗ് ബോഡി അംഗമായ വിൻസെന്റ് പറയന്നിലം, കമ്മിറ്റി അംഗങ്ങളായ ജോജോ വിച്ചാട്ട്, ജെയിംസ് തെക്കേമുറി, ജോസ് വള്ളാടിയിൽ എന്നിവരാണ് ഈ മലയിഞ്ചി പ്രോജക്ടിന് നേതൃത്വം നൽകിയത്. രാജേഷ് തോമസാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്.