jeep
മറിഞ്ഞ ജീപ്പ്.

മറയൂർ: ഒറ്റയാന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി വെട്ടിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10ന് കാന്തല്ലൂർ- മറയൂർ റോഡിൽ വെട്ടുകാട് ഭാഗത്താണ് അപകടമുണ്ടായത്. കാന്തല്ലൂർ പെരടി പള്ളം സ്വദേശി രാമരാജ് (27), ഒള്ളവയൽ ഗോത്രവർഗ കോളനി സ്വദേശികളായ കനകരാജ് (20), മുരുകേശൻ (23), പാൽരാജ് (40), ശിവരാജ് (23) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ രാമരാജിനെയും കനകരാജിനെയും ഉടുമലൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ മറയൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരടി പള്ളത്ത് നിന്ന് കാന്തല്ലൂരിലേക്ക് പോയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. വെട്ടകാട് ജംഗ്ഷനിൽ കാന്തല്ലൂർ ഭാഗത്തേക്ക് തിരിച്ച ജീപ്പ് ഒറ്റയാന്റെ മുമ്പിൽപ്പെടുകയായിരുന്നു. ഒറ്റയാനിൽ നിന്ന് രക്ഷപ്പെടാൻ എതിർദിശയിലേക്ക് തിരിച്ച ജീപ്പ് തെന്നിമാറി 20 അടി താഴ്ചയിൽ പെരടിപള്ളം റോഡിലേക്ക് മറിയുകയായിരുന്നു. വെട്ടുകാട്, കീഴാന്തൂർ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമായി തുടരുകയാണ്. ശനിയാഴ്ച രാത്രി ഏഴിന് ബൈക്ക് യാത്രികനായ പെരടി പള്ളം സ്വദേശി കണ്ണൻ (35) ഒറ്റയാന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. റോഡ് മുറിച്ചു കടക്കുന്ന ഒറ്റയാന്റെ മുമ്പിൽ ബൈക്കിലെത്തിയ കണ്ണൻ രണ്ടടി വ്യത്യാസത്തിൽ രക്ഷപ്പെടുകയായിരുന്നു. കാരയൂർ ചന്ദനക്കാടുകളിൽ തമ്പടിച്ചിരിക്കുന്ന 23 ലധികം കാട്ടാനകൾ പുലർച്ചെ കൃഷിയിടത്തിൽ ഇറങ്ങുന്നത് ഈ പാത കുറുകെ കടന്നാണ്.