വണ്ടിപ്പെരിയാർ: ജനവാസ കേന്ദ്രമായ ചപ്പാത്ത് എച്ച്.പി.സിയ്ക്ക് സമീപം പുലിയിറങ്ങിയതായി നാട്ടുകാർ, നിഷേധിച്ച് വനം വകുപ്പ്. ശനിയാഴ്ച രാത്രി 8.30ന് വള്ളക്കടവ് സ്വദേശിയും കെ.എസ്.ആർ.ടി.സി ജീവനക്കാരനുമായ ജോസഫും കുടുംബവും വണ്ടിപ്പെരിയാറ്റിൽ നിന്ന് വള്ളക്കടവിലേക്ക് കാറിൽ യാത്ര ചെയ്യുമ്പോഴാണ് പെരിയാർ മൂഴിയാർ റോഡിൽ എച്ച്.പി.സിയ്ക്ക് സമീപത്തെ റോഡിലെ ഇടവഴിയിൽ റോഡ് മുറിച്ചുകടന്ന പുലിയെ കണ്ടതെന്ന് പറയുന്നു. കുട്ടികൾ സ്‌കൂളിൽ പോകുന്ന വഴിയാണിത്. പെരിയാർ കടുവാ സങ്കേതവുമായി അതിർത്തി പങ്കിടുന്ന ജനവാസ കേന്ദ്രമാണിത്. വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ക്യാറ്റ് ലെപ്പേർഡ് ഇനത്തിൽ പെട്ട പുലിയാണ് പ്രദേശത്തുള്ളതെന്നും ഇവ മനുഷ്യരെ ഉപദ്രവിക്കില്ലെന്നുമാണ് വനം വകുപ്പ് നൽകുന്ന വിശദീകരണം. ജനങ്ങളുടെ ആവശ്യപ്രകാരം കാമറ സ്ഥാപിക്കാനൊരുങ്ങുകയാണ് വനം വകുപ്പ്. ജനവാസകേന്ദ്രത്തിൽ പുലിയെ കണ്ടെന്ന വാർത്ത പരന്നതോടെ ജനങ്ങൾ ഭീതിയിലാണ്.