കട്ടപ്പന: ഇടവക പള്ളി വൈദികരെന്ന വ്യാജേന ഫോൺ വിളിച്ച് വ്യാപാരികളിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി. ഉദയഗിരി സെന്റ് മേരീസ്, തോപ്രാംകുടി മരിയാ ഗൊരേത്തി പള്ളികളിലെ വൈദികരുടെ പേരിലാണ് ഫോൺ വിളിച്ച് പണം തട്ടിയത്. പ്രകാശ്, തോപ്രാംകുടി ടൗണുകളിലെ വ്യാപാരികളാണ് തട്ടിപ്പിനിരയായത്. വെള്ളിയാഴ്ച രാവിലെ 9.30ന് പ്രകാശ് ടൗണിലെത്തിയ മദ്ധ്യവയസ്കൻ അച്ചൂസ് സൂപ്പർ ഷോപ്പിലെത്തി ഉടമ മജ്ജുവിനോട് ഉദയഗിരി പള്ളി വികാരി പറഞ്ഞിട്ട് എറണാകുളത്തു നിന്ന് വരികയാണെന്ന് പറഞ്ഞു. തന്റെ ഫോൺ ഓഫായെന്നും അച്ചൻ പറഞ്ഞയാളെ വിളിക്കാൻ മൊബൈൽ തരാമോയെന്നും ചോദിച്ചു. വൈദികൻ പറഞ്ഞയച്ചയാളായതിനാൽ ഫോൺ നൽകി. കടയുടെ വരാന്തയിലേയ്ക്ക് മാറി നിന്ന് സംസാരിച്ച ശേഷം ഉടൻ തന്നെ ഫോൺ തിരികെനൽകി ഇയാൾ നന്ദി പറഞ്ഞ് പോയി. പക്ഷേ, ഇയാൾ ഫോൺ ചെയ്തത് പ്രകാശിലെ തന്നെ കുന്നിനിയിൽ സ്റ്റോഴ്സിലേക്കായിരുന്നു. ഉടമ മധുവിനോട് താൻ ഉദയഗിരി പള്ളി വികാരിയാണെന്നും ഞാൻ പറഞ്ഞയക്കുന്നയാൾക്ക് 500 രൂപ നൽകണമെന്നും വൈകിട്ട് നാലിന് താൻ ടൗണിലെത്തുമ്പോൾ മടക്കിത്തരാമെന്നും പറഞ്ഞു. മധു സമ്മതിച്ചതോടെ ഫോൺ കട്ട് ചെയ്തു. തുടർന്ന് 10 മിനിറ്റിന് ശേഷം ഇയാൾ മധുവിന്റെ സ്ഥാപനത്തിലെത്തി വൈദികൻ പറഞ്ഞയച്ചതാണെന്നും പറഞ്ഞു. ഉടൻ തന്നെ മധു പണവും നൽകി. പിന്നീട് 10.30 ന് ഇയാൾ തോപ്രാംകടിയിൽ ഗ്ലാമർ ടെയ്‌ലറിംഗ് ഷോപ്പിലെത്തി സമാനരീതിയിൽ ഫോൺ വാങ്ങി ആൽത്തറ ജംഗ്ഷനിലെ പലചരക്ക് സ്ഥാപന ഉടമ അനിലിനോട് തോപ്രാംകുടി പള്ളി വികാരിയാണെന്നും പറഞ്ഞയക്കുന്നയാൾക്ക് 800 രൂപ നൽകണമെന്നും പറഞ്ഞു. ഇവിടെയും 10 മിനിറ്റിനകം ഇയാളെത്തി പണം തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് വൈകിട്ട് നാലിന് പണം മടക്കി ലഭിക്കാതെ വന്നതോടെ വ്യാപാരികൾ രാവിലെ വിളിച്ച നമ്പരുകളിലേയ്ക്ക് തിരിച്ചുവിളിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടത്.