തൊടുപുഴ: എസ്.എഫ്.ഐയെ കളിയാക്കി സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റിട്ട കെ.എസ്.യു പ്രവർത്തകന് തെറിവിളിയും ഭീഷണിയുമെന്ന് പരാതി. ന്യൂമാൻ കോളേജ് വിദ്യാർത്ഥിയായ ആൽബർട്ടിനെയാണ് എസ്.എഫ്.ഐയെ ട്രോൾ ചെയ്തുള്ള വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ടതിന് ഫോണിൽ തെറി വിളിച്ചത്. തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവത്തെ പരിഹസിച്ചുള്ളൊരു വീഡിയോയാണ് ആൽബർട്ട് സ്റ്റാറ്റസിട്ടത്. ഇതിന് പിന്നാലെയാണ് കൈകാലുകൾ വെട്ടുമെന്ന് പറഞ്ഞ് ഭീഷണി ഫോൺകോൾ വന്നത്. എസ്.എഫ്.ഐ. ജില്ലാകമ്മിറ്റിയംഗമെന്ന് പരിചയപ്പെടുത്തി വിളിച്ച ബാദുഷ എന്നയാളാണ് കേട്ടാലറയ്ക്കുന്ന തെറിവിളിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ജില്ലാ കമ്മിറ്റിയംഗവും കരിമണ്ണൂർ ഏരിയാ പ്രസിഡന്റാണെന്നും പറഞ്ഞ ശേഷമായിരുന്നു ഭീഷണി. എന്നാൽ, ബാദുഷ എന്ന പേരിൽ ഒരു ജില്ലാ കമ്മിറ്റിയംഗം ഇല്ലെന്നും സംഘടനയ്ക്ക് ഇതുമായി ബന്ധമില്ലെന്നും എസ്.എഫ്.ഐ നേതാക്കൾ അറിയിച്ചു. ശനിയാഴ്ച രാത്രി 8.36നാണ് ഫോൺ വന്നത്. ആൽബർട്ട് കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.