ഇടുക്കി: പി.എസ്.സി അഡ്വൈസ് മെമ്മോ തീയതി മറികടന്ന് ആരോഗ്യ വകുപ്പിൽ സ്ഥാനക്കയറ്റം നിഷേധിക്കുന്നതായി പരാതി. സാനിട്ടറി ഇൻസ്‌പെക്ടർ ഡിപ്ലോമ യോഗ്യതയുള്ള ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നതായി കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യുടെ ആരോപണം. സർക്കാരും പി.എസ്.സിയും അംഗീകരിച്ച യോഗ്യതാ മാനദണ്ഡങ്ങളനുസരിച്ചാണ് 1995 മുതൽ സാനിട്ടറി ഇൻസ്‌പെക്ടർ ഡിപ്ലോമയുള്ളവരെ രണ്ടാം ഗ്രേഡ് ജൂനിയർ എച്ച്.ഐമാരായി വിവിധ ജില്ലകളിൽ നിയമിച്ചത്. ഇതിനായി 1342 പേരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി ഡി.എച്ച്.എസ്. പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ തുടർന്ന് നടത്തിയ ഹെൽത്ത് സൂപ്പർവൈസർ മുതൽ ഗസറ്റഡ് പദവി വരെയുള്ള വിവിധ സ്ഥാനക്കയറ്റത്തിൽ അടിസ്ഥാന രഹിതമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സാനിട്ടറി ഇൻസ്‌പെക്ടർ ഡിപ്ലോമയുള്ളവരെ മുഴുവൻ ഒഴിവാക്കി മറ്റുള്ളവരെ നിയമിക്കുന്നത് തുടരുകയാണ്. ഇതിനായി രണ്ടു തരം സീനിയോറിറ്റി ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. അപേക്ഷ ക്ഷണിച്ചപ്പോൾ ശരിയായ യോഗ്യതയിലെങ്കിൽ പി.എസ്.സി എന്തിനാണ് എഴുത്തു പരീക്ഷ നടത്തി അഡ്വൈസ് മെമ്മോ തീയതിയുടെ അടിസ്ഥാനത്തിൽ സാനിട്ടറി ഇൻസ്‌പെക്ടർ ഡിപ്ലോമയുള്ളവരെ ജില്ലാ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിൽ നിയമിച്ചതെന്നു ജീവനക്കാർ ചോദിക്കുന്നു. വിവേചനം അവസാനിപ്പിക്കാൻ സർക്കാരും വകുപ്പ് സെക്രട്ടറിയും അടിയന്തരമായി ഇടപെടണമെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആശ്രാമം പി.ആർ. ബാലഗോപാൽ ആവശ്യപ്പെട്ടു.