തൊടുപുഴ: നഗരത്തിലും സമീപപ്രദേശങ്ങളിലും അടുത്തകാലത്തായി വാഹനാപകടങ്ങൾ വർദ്ധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. പട്ടയംകവലയിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും ബൈക്കിലും ഇടിച്ച് പിഞ്ച്കുഞ്ഞ് ഉൾപ്പടെ ആറു പേർക്ക് പരുക്കേറ്റതാണ് ഒടുവിലത്തെ സംഭവം. തൊടുപുഴ പ്രദേശത്ത് ഒരു മാസത്തിനുള്ളിൽ രണ്ട് യുവാക്കളാണ് വാഹനാപകടത്തിൽ മരിച്ചത്. ഏതാനും ദിവസം മുന്പ് തൊടുപുഴ - ഉടുമ്പന്നൂർ റൂട്ടിൽ കരിമണ്ണൂരിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെപ്പുകുളം ഏർത്തടത്തിൽ ലജീഷാണ് (25) മരിച്ചത്. ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും വാഹനങ്ങൾ അമിത വേഗത്തിലായിരുന്നതിനാൽ മരണത്തിൽ കലാശിക്കുകയായിരുന്നു.
ഈ സംഭവത്തിന് തലേദിവസമാണ് തൊടുപുഴ വൈക്കം റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് പാലക്കുഴ കയ്യാനിയ്ക്കൽ കാവുംഭാഗം അനിൽ പ്രസാദ് (21) മരിച്ചത്. തൊടുപുഴ കൂത്താട്ടുകുളം റൂട്ടിൽ വാഴപ്പിള്ളിക്ക് സമീപമായിരുന്നു അപകടം.റോഡിലെ കുഴി
ഒഴിവാക്കാനായി ബസ് വെട്ടിത്തിരിച്ചതാണ് അപകടത്തിനിടയാക്കിയത്. നിർമാണത്തിലെ അപാകതയാണ് കുഴിരൂപപ്പെടാൻ കാരണം.
കഴിഞ്ഞ ദിവസം ഇളംദേശം സ്വദേശിനിയായ വീട്ടമ്മ മരിച്ചത് കുടചൂടി ബൈക്കിന് പിന്നിലിരുന്ന് യാത്രചെയ്യവെ ശക്തമായ കാറ്റിൽ റോഡിലേക്ക് തെറിച്ചുവീണായിരുന്നു. പട്ടയം കവലയിൽ കരിമണ്ണൂർ ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ കാർ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികരായ പശ്ചിമ ബംഗാൾ സ്വദേശി അസിം ബോക്സ് (28) ഭാര്യ ജയനബ(22) മകൻ ആരിഫുദീൻ സാരംഗ്(4) എന്നിവർ റോഡിൽ തെറിച്ചുവീണു. തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ച് മുന്നോട്ട് നീങ്ങിയ കാർ എതിരേ വന്ന കാറിലിടിച്ച് റോഡിൽ വട്ടം മറിയുകയായിരുന്നു.
അകക്കണ്ണ് തുറപ്പിച്ച വഴിക്കണ്ണ്
അമിത വേഗത, മദ്യപിച്ചും അലക്ഷ്യവുമായ ഡ്രൈവിംഗ് എന്നിവയാണ് അപകടങ്ങൾക്ക് കാരണം. റോഡുകളിലെ അപായക്കുഴികളും അപകടവളവുകളും ഇരുചക്രവാഹനക്കാരെയാണ് പലപ്പോഴും അപകടത്തിലാക്കുന്നത്. അപകടങ്ങൾ പതിവായ പ്രദേശത്ത് പോലും അറ്റകുറ്റപ്പണി ചെയ്ത അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. തൊടുപുഴ മേഖലയിൽ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ സഹകരണത്തോടെ മോട്ടോർ വാഹനവകുപ്പും പൊലീസും വഴിക്കണ്ണ് പദ്ധതിയുടെ ഭാഗമായി വാഹന പരിശോധന നടത്തി ബോധവൽകരണം നടത്തിയിരുന്നു. ഇതോടെ
പല റൂട്ടുകളിലും വാഹനാപകടങ്ങൾ കുറഞ്ഞിരുന്നു. ഇരുചക്ര വാഹനാപകടങ്ങൾ പതിവായിരുന്ന തൊടുപുഴ - മുട്ടം റൂട്ടിൽ ഇത് അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞിരുന്നു. വഴിക്കണ്ണ് പദ്ധതിക്ക് അയവുവന്നതാണ് അപകടങ്ങൾ കൂടാൻ കാരണം. ഇത് കണ്ടറിഞ്ഞ്
കർശന നടപടികൾക്കൊരുങ്ങുകയാണ് മോട്ടോർ വാഹനവകുപ്പും പൊലീസും.