തൊടുപുഴ: കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ തിരഞ്ഞെടുപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയത് കേരള ചീഫ് ഇലക്ട്രൽ ഓഫീസർ ടീക്ക റാം മീണ. രാവിലെ 11നെത്തിയ അദ്ദേഹം വൈകിട്ട് മൂന്ന് വരെ സ്‌കൂളിൽ ചിലവഴിച്ചു. ശുദ്ധ മലയാളത്തിലായിരുന്നു അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗം. ഫലത്തെക്കുറിച്ച് ചിന്തിക്കാതെ കർമ്മം ചെയ്യുന്നതാണ് ജീവിതത്തിൽ പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന് സേവനം ചെയ്യുന്ന നല്ല പൗരൻമാരായി വളരണം. ദൃഢനിശ്ചയവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ജീവിതത്തിൽ വലിയ വിജയങ്ങൾ സ്വന്തമാക്കാമെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന് ശേഷം ഒരു മണിക്കൂറോളം അദ്ദേഹം കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ സരിതാ ഗൗതം കൃഷ്ണ നന്ദി പറഞ്ഞു. സ്‌കൂൾ മാനേജിംഗ് ഡയറക്ടർ ആർ.കെ. ദാസ്, തൊടുപുഴ തഹസീൽദാർ ജോസ്‌കുട്ടി, ഇടുക്കി ആർ.ഡി.ഒ എം.വി. വിനോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.