രാജാക്കാട് : സഞ്ചാരികളുടെ പറുദീസയാണ് രാമക്കൽമേട് , പക്ഷെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിനാൽ ഇപ്പോൾ 'മാലിന്യമേട്' ആയി മാറി. പ്ലാസ്റ്റിക് വിമുക്ത രാമക്കൽമേട് എന്ന പദ്ധതി നിലവിലുണ്ടെങ്കിലും പാതയോരത്തും, മലഞ്ചെരുവിലും, മുളംകാട്ടിലുമെല്ലാം വലിച്ചെറിയുന്ന പ്‌ളാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ളവ കുന്നുകൂടുകയാണ്. ഇവ നീക്കംചെയ്യാത്തത് പ്രദേശത്തിന്റെ ഭംഗി നശിപ്പിക്കുന്നതിനും, പരസര മലിനീകരണത്തിനും വഴിയൊരുക്കുകയാണ്. ദിനംപ്രതി നൂറുകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന പ്രധാന കേന്ദ്രമാണിവിടം. വലിയ വാഹനങ്ങളിൽ എത്തുന്ന സഞ്ചാരികളിൽ ഏറിയ പങ്കും ഭക്ഷണം സ്വയം പാചകം ചെയ്താണ് കഴിക്കാറുള്ളത്. ഇവർ ഉപേക്ഷിച്ചുപോകുന്ന ഡിസ്‌പോസിബിൾ ഗ്ലാസുകളും പ്ലേറ്റുകളും ആഹാരത്തിന്റെ അവശിഷ്ടങ്ങളും വഴിയോരത്താകെ നിരന്നുകിടക്കുകയാണ്. വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് ഇത്തരം കാര്യങ്ങൾ ശ്രലമില്ലാത്തതും പരിസര ണ്ടുചിത്വത്തിൽ ഏറെ ശ്രദ്ധയുള്ളതിനാലും അവർക്ക് ഇതൊക്കെ ഏറെ ബുദ്ധിമുട്ടിന് ഇടവരുത്തുകയാണ്, . ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ഡി.ടി.പി.സിയും മറ്റ് സംഘടനകളും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും അവയൊന്നും ഫലപ്രാപ്തിയിലെത്തുന്നില്ല.
വ്യൂ പോയിന്റിലും, രാമക്കല്ലിലേക്ക് കയറിപ്പോകുന്ന മലഞ്ചെരുവിലുമാണ് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിയിരിക്കുന്നത്. തമിഴ്‌നാട് വനം വകുപ്പിന്റെ റിസർവ് ഏരിയയിലും കുറവല്ല. മുമ്പ് മാലിന്യനിക്ഷേപം വ്യാപകമായപ്പോൾ തമിഴ്‌നാട് വനം വകുപ്പ് രാമക്കല്ലിലേക്കുള്ള പ്രവേശനം വേലികെട്ടി അടച്ചിരുന്നു. തുടർന്ന് ജനപ്രതിനിധികളും ജില്ലാ കളക്ടറും ഇടപെട്ടാണ് പാത വീണ്ടും തുറന്നത്. മാലിന്യം സംസ്‌കരിക്കുന്നതിന് യാതൊരുവിധ സംവിധാനവും ഇവിടെയില്ല. പഞ്ചായത്ത് നീക്കം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല.