ഇടുക്കി: പ്രളയാനന്തര പുനർനിർമാണത്തിനായി ജില്ലയിൽ പുനരധിവാസ പ്രവർത്തനങ്ങളും പൂർത്തിയായി.സർക്കാരിന്റെയും ഇതര സംഘടന്ളുടെയും സഹകരണ.ത്തോടെയാണ് ലക്ഷ്യത്തിലെത്തിയത്.
പുനരധിവാസത്തിനായി 175.85 കോടി രൂപയാണ് ജില്ലയിൽ ചിലവഴിച്ചത്. പുനർനിർമാണവുമായി ബന്ധപ്പെട്ട് പൂർണമായി തകർന്ന 1882 വീടുകളിൽ 1724 വീടും പുനരധിവസിപ്പിച്ചു. ഇതിനായി 125.18 കോടി രൂപയാണ് ചിലവഴിച്ചത്.
ബാക്കിയുള്ള 158 വീടുകളിൽ 125 എണ്ണം പുതിയതായി എടുത്ത ജിയോളജിക്കൽ സർവെയുടെ പശ്ചാത്തലത്തിൽ കാറ്റഗറി ഉയർത്തിവയാണ്. ബാക്കി 33 വീടുകളിൽ സർക്കാർ സ്ഥലം നല്കിയിട്ടും മാറാൻ വിസ്സമ്മതം പ്രകടിപ്പിച്ചിരിക്കുന്നവരും വ്യക്തിപരമായ പ്രശ്‌നങ്ങൾ നിലനില്ക്കുന്നതും സ്ഥലം വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമുടമയും ഗുണഭോക്താവുമായി തർക്കം നിലനില്ക്കുന്നതുമായ പ്രശ്‌നങ്ങൾ മൂലം കാലതാമസം നേരിടുന്നവയാണ്. ഭാഗികമായി തകർന്ന 7108 വീടുകളിൽ ധനസഹായത്തിന് അർഹതയുള്ള 6735 വീടുകളുടെ മുഴുവൻ തുകയും നല്കി. ഇതിനായി 50.66 കോടി രൂപയാണ് ചിലവഴിച്ചത്.
സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയർ ഹോം പദ്ധതി പ്രകാരം 170 വീടുകളുടെ നിർമാണം പൂർത്തിയായി. ആകെ 212 വീടുകളാണ് ഇതിലൂടെ സർക്കാർ നിർമിച്ചു നല്കുന്നത്. 5 ലക്ഷം രൂപ വീതം ഓരോ വീടിനും ചെലവഴിച്ചാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. 212 വീടുകൾക്കായി 106 കോടി രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. അഞ്ചു ഘട്ടങ്ങളിലായാണ് 170 വീടുകളുടെയും നിർമാണം പൂർത്തിയാക്കിയത്. ഇതിൽ 147 വീടുകളുടെയും താക്കോൽദാനം നിർവഹിച്ചു. 23 വീടുകളുടെ താക്കോൽദാനം കട്ടപ്പനയിൽ ജൂലൈ 20ന് നടക്കുന്ന ജനകീയം ഈ അതിജീവനം എന്ന പരിപാടിയിൽ നൽകും. അവശേഷിക്കുന്ന 29 വീടുകൾ ജൂലൈ 31 നകം പൂർത്തികരിക്കുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാർ പറഞ്ഞു.
സർക്കാരിതര സംഘടനകളുടെ സഹായത്താൽ 57 വീടുകളും ജില്ലയിൽ നിർമിച്ചിട്ടുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട ജൂൺ 30 വരെ അപ്പീലുകൾ സ്വീകരിച്ചിരുന്നു. 2086 അപ്പീലുകളാണ് ജില്ലാ കളക്ടർക്ക് ലഭിച്ചത്. ഇതിന്റെ നടപടികൾ സ്വീകരിച്ചു വരുന്നു.


ജനകീയം ഈ അതിജീവനം:
ഒരുക്കങ്ങളായി

പ്രളയാനന്തര പുനർനിർമാണവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ സംഗമംജനകീയം ഈ അതിജീവനം പരിപാടി 20 നു കട്ടപ്പന ടൗൺഹാളിൽ നടക്കും. ഇതിനായുള്ള ഒരുക്കൂങ്ങൾ പുരോഗമിക്കുന്നു. രാവിലെ 11.30 ന് റോഷി അഗസ്റ്റിൻ എം എൽ എയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി എം എം മണി ഉദ്ഘാടനം നിർവഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ പി. ജെ. ജോസഫ്, ഇ എസ് ബിജിമോൾ, എസ് രാജേന്ദ്രൻ, കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയ് വെട്ടിക്കുഴി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ തോമസ് എന്നിവർ പങ്കെടുക്കും. ജില്ലാ കളക്ടർ എച്ച്. ദിനേശൻ റിപ്പോർട്ട് അവതരിപ്പിക്കും. മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധരാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരിക്കും.പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം, വീടും സ്ഥലവും നഷ്ടപ്പെട്ട പ്രളയബാധിതർക്കായി വിട്ടുകിട്ടിയ ഭൂമിയുടെ പട്ടയ കൈമാറ്റം, വയറിംഗ് കിറ്റ് വിതരണം, മാതൃകാപരമായ പ്രവർത്തനം നടത്തിയ സംഘടനകളെ ആദരിക്കൽ എന്നിവ ഇതോടൊപ്പം നടക്കും.