ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണ കേസിലെ മൂന്നും നാലും പ്രതികളെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി. പി.എസ്. നിയാസ്, സജീവ് ആന്റണി, എന്നിവരെയാണ് ഇന്ന് വൈകിട്ട് ആറ് വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. പീരുമേട്ടിൽ നിന്ന് സജീവിനെ വണ്ടിപ്പെർ, ഏലപ്പാറ എന്നിവിടങ്ങളിലും നിയാസിനെ തേർഡ്ക്യാമ്പിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. തട്ടിപ്പുകേസിലെ മൂന്നാം പ്രതിയായ മഞ്ജുവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുകൊണ്ടുവന്നത് നിയാസാണ്. ഇത് അന്വേഷിക്കുന്നതിനായാണ് ഇയാളെ തേർഡ്ക്യാമ്പിലെത്തിച്ചത്. നിയാസാണ് രാജ്കുമാറിനെ കൂടുതൽ മൃഗീയമായി മർദ്ദിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. രാജ്കുമാറിനെ വണ്ടിപ്പെരിയാറിൽ വച്ച് സജീവ് മർദ്ദിച്ചിരുന്നതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ഇരുവർക്കും വൈദ്യപരിശോധന നടത്തിയശേഷം ചോദ്യം ചെയ്യുന്നതിനായി ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുന്ന റസ്റ്റ്ഹൗസിലെത്തിച്ചു. ഇന്ന് വൈകിട്ട് ആറിന് പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കും. അതേസമയം പ്രതിപ്പട്ടികയിലുള്ള നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരിൽ ചിലരെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്. 12 മുതൽ 16 വരെ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പലതവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പലരും മൊഴികൾ മാറ്റിപ്പറയുന്നതും ഇവയിലെ
അവ്യക്തതയുമാണ് അറസ്റ്റ് വൈകാൻ കാരണം. കേസിൽ ഇതുവരെ എസ്.ഐ അടക്കം ഇതുവരെ നാല് പേരാണ് അറസ്റ്റിലായത്.