തൊടുപുഴ: തട്ടക്കുഴയിൽ നാടൻ തോക്ക് ഉപയോഗിച്ച് യുവാവ് വെടിയുതിർത്ത സംഭവത്തിൽ ഒമ്പതുവയസുകാരിയുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. പ്രതി റിജോ വീടിന്റെ മുറ്റത്തു നിന്നും തുറന്നു കിടക്കുന്ന ജനലിലൂടെ വെടി ഉതിർത്തെങ്കിലും ജനൽ പട്ടയിലാണ് കൊണ്ടത്. ജനാലയുടെ അരികിൽ നിന്ന് മൂന്നു മീറ്റർ മാറി നിന്ന് വെടി ഉതിർത്തതിനാൽ ഉന്നം പിഴയ്ക്കുകയായിരുന്നു. ജനൽപട്ടയിൽകൊണ്ട് വെടിയുണ്ടയിലെ ചിതറി ചീളുകൾ ഹാളിനുള്ളിൽ നിൽക്കുകയായിരുന്ന നാലു പേരുടെയും ദേഹത്തു പതിച്ചു. വെടിയുണ്ട ജനലിലെ പട്ടയിൽ തട്ടിയില്ലായിരുന്നെങ്കിൽ വലിയ ദുരന്തമുണ്ടാകുമായിരുന്നു. ദേഹമാസകലം പരിക്കുകളോടെ തട്ടക്കുഴ രണ്ടുപാലം നെടിയപാറയിൽ രതീഷ് (34), ഭാര്യ സജിത (32), മാതാവ് ശാരദ (62), ഒമ്പതു വയസുള്ള മകൾ ആർച്ച എന്നിവർ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തലയിലും നെഞ്ചിലും വയറിലും ചീളുകൾ തറച്ച് കയറിയ രതീഷിന് നിലവിൽ രണ്ടു ശസ്ത്രക്രിയ വേണ്ടിവന്നു. സജിതയുടെ ശസ്ത്രക്രിയ അടുത്ത ദിവസം നടക്കും. ആർച്ചയുടെ ദേഹത്ത് ചീളുകൾ അധികം തറഞ്ഞു കയറിയിരുന്നില്ല. സംഭവസമയം വീടിന്റെ ഉടമയും രതീഷിന്റെ സഹോദരിയുമായ രാജിയും മകളും പുറത്തുപോയതായിരുന്നു. രതീഷിന്റെ ഇളയ മകൾ വീട്ടിലുണ്ടായിരുന്നെങ്കിലും അകത്തെ മുറിയിൽ ഉറങ്ങുകയായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബൈസൺവാലി സ്വദേശികളായ ഇവർ മൂന്ന് മാസം മുമ്പാണ് ഇവിടെ താമസിക്കാനെത്തിയത്. ഇന്നലെ പൊലീസ് ഫോറൻസിക് വിഭാഗം വീട്ടിലെത്തി തെളിവെടുത്തു. വെടിയുതിർത്തതിന് ശേഷം റിജോ ഈ വീടിന് സമീപം ഉപേക്ഷിച്ച തോക്കിൽ നിന്ന് ഇയാളുടെ വിരലടയാളം കണ്ടെത്തി. ഇയാളെ കരിമണ്ണൂർ എസ്.എ. പി.ടി. ബിജോയിയുടെ നേതൃത്വത്തിൽ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. സംഭവത്തിന് ശേഷം പരിഭ്രാന്തനായ റിജോ രാത്രി തന്നെ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

പ്രതി എത്തിയത് തീരുമാനിച്ചുറപ്പിച്ച്

പണം തന്നില്ലെങ്കിൽ ആക്രമിക്കാൻ ഉറപ്പിച്ചാണ് പ്രതി റിജോ ജോർജ് തട്ടക്കുഴയിലെ വീട്ടിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. ആവശ്യമെങ്കിൽ വെടിയുതിർക്കാൻ തന്നെയാണ് നാടൻ തോക്ക് കാറിൽ സൂക്ഷിച്ചിരുന്നത്. ഇക്കാര്യം പ്രതി നാട്ടുകാരിൽ ചിലരോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

തോക്ക് വാങ്ങിയത് 3,​000 രൂപയ്ക്ക്

റിജോ വൻപ്രഹര ശേഷിയുള്ള തോട്ടാക്കുഴലുള്ള നാടൻ തോക്ക് വാങ്ങിയത് 30,​000 രൂപയ്ക്ക്. തോക്ക് നിർമിച്ചു നൽകിയ മലയിഞ്ചി കുരുവിക്കൂട്ടിൽ സജി പ്രതി റിജോയുടെ തൊഴിലാളിയാണ് തന്നെയാണ്. വീടിനു സമീപം ആല നടത്തുന്ന സജി ഇടയ്ക്ക് റെജിയുടെ കൂടെ റൂഫിങ് വർക്കുകൾക്ക് സഹായിയായി പോകാറുണ്ടായിരുന്നു. ഈ പരിചയം മൂലമാണ് ഏതാനും നാൾ മുമ്പ് റിജോയ്ക്ക് ഇയാൾ തോക്കു നിർമിച്ചു നൽകിയത്. റിജോയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മലയിഞ്ചിയിലുള്ള ഇയാളുടെ വീട്ടിലെത്തിയ പൊലീസ് വീടിനോട് ചേർന്നുള്ള ആലയിൽ നിന്ന് തോക്ക് നിർമിക്കാനുള്ള ഉപകരണങ്ങളും മറ്റും പിടികൂടി. മൃഗങ്ങളെ വേട്ടയാടാൻ സജി നിരവധി പേർക്ക് തോക്കുകൾ നിർമിച്ചു നൽകിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

പണം നൽകുമെന്ന് ഉറപ്പു നൽകിയുന്നു: വീട്ടുടമസ്ഥ

പണം നൽകാമെന്ന് അറിയിച്ചിട്ടും മദ്യ ലഹരിയിൽ പ്രതി റിജോ വീട്ടിൽ കയറി അതിക്രമം നടത്തുകായിരുന്നെന്ന് വീടിന്റെ ഉടമസ്ഥയും വെടിയേറ്റ രതീഷിന്റെ സഹോദരിയുമായ രാജി പറയുന്നു. തട്ടക്കുഴയിലുള്ള വീടിന്റെ കുളിമുറിയുടെ റൂഫിംഗ് നിർമിക്കാൻ റിജോയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. മൂന്നാഴ്ച മുമ്പായിരുന്നു ജോലി തുടങ്ങിയത്. നിർമാണ സാമഗ്രികളും വാങ്ങി നൽകിയിരുന്നു. കുറച്ചു കൂടി പണി പൂർത്തിയാക്കാനുള്ളപ്പോഴാണ് റിജോ പണം ആവശ്യപ്പെട്ടത്. പണിക്കൂലി ഉൾപ്പെടെ 8000 രൂപ നൽകാനുണ്ട്. അടുത്ത 17ന് പണം നൽകുമെന്ന് മധ്യസ്ഥരുടെ സാന്നിധ്യത്തിൽ ഉറപ്പു നൽകിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ റിജോ വീട്ടിലെത്തി ബഹളം വയ്ക്കുന്നതും സഹോദരനും കുടുംബാംഗങ്ങൾക്കും നേരെ വെടി ഉതിർക്കുന്നതും. പ്രതി ഇത്രവലിയ കുഴപ്പക്കാരനാണെന്ന് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ റൂഫ് നിർമിക്കാൻ നൽകില്ലായിരുന്നെന്നും രാജി പറഞ്ഞു.