കൊച്ചി: എറണാകുളം അമ്മൻകോവിൽ റോഡിലെ റോസ് ഗാർഡൻ ലോഡ്ജിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകൾ മോഷ്‌ടിച്ച ഇടുക്കി ഉടുമ്പൻചോല ചിന്നക്കനാൽ വേണാട് വീട്ടിൽ രാജയെ (31) സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്‌തു. രാത്രി പട്രോളിംഗിനിടെ സംശയകരമായ സാഹചര്യത്തിൽ കണ്ട പ്രതിയെ മൊബൈൽഫോണുകളും പണവുമായി പിടികൂടുകയായിരുന്നു. കൈവശമുണ്ടായിരുന്ന പണം മോഷ്ടിച്ച മൊബൈൽ ഫോണുകളിൽ ഒന്ന് വിൽപന നടത്തി കിട്ടിയതാണെന്ന് ചോദ്യം ചെയ്തതിൽ വ്യക്തമായി. മോഷണത്തിനായി പ്രതി ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. എറണാകുളം അസി. കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ സെൻട്രൽ ഇൻസ്‌പെക്ടർ എസ്. വിജയശങ്കർ, എസ്.ഐമാരായ വിബിൻദാസ്, സുനുമോൻ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.