തൊടുപുഴ: വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കേസിൽ യുവാവിന് അഞ്ച് വർഷം കഠിന തടവും അമ്പതിനായിരും രൂപ പിഴയും ശിക്ഷ. രാജാക്കാട് കുരുവിളസിറ്റി മംഗലത്ത് സുരേഷിനെയാണ് (36) തൊടുപുഴ പോക്‌സോ പ്രത്യേക കോടതി ജഡ്ജി കെ. അനിൽകുമാർ ശിക്ഷിച്ചത്. 2013 ജൂൺ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ച കയറിയ കുറ്റത്തിന് ഒരു വർഷം കഠിന തടവും പതിനായിരും രൂപ പിഴയും ശിക്ഷയുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ച് മതിയാകും. പിഴയടച്ചില്ലെങ്കിൽ ഏഴ് മാസം അധിക തടവ് അനുഭവിക്കണം. പിഴയായി ഈടാക്കുന്ന തുക ഇരക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ബി. വാഹിദ ഹാജരായി.